ഇന്ന് പൊതു ബജറ്റ്. ധനമന്ത്രി നിര്‍മലാ സീതാരാമന് 11 മണിക്ക് ബജറ്റ് അവതരിപ്പിക്കും. ബജറ്റില്‍ ആദായ നികുതിയിളവ് പ്രഖ്യാപിക്കുമെന്നാണ് സൂചന. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് ജനപ്രിയ ബജറ്റ് ആകാനാണ് സാധ്യത.
കോവിഡിനെ തുടര്‍ന്ന് രാജ്യത്തുണ്ടായ കടുത്ത സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് ജനകീയ പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ടാകും. ഉത്തര്‍പ്രദേശ്, പഞ്ചാബ് അടക്കം അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു മുന്നില്‍ കണ്ട് വോട്ടില്‍ കണ്ണും നട്ട് പല നിര്‍ദേശങ്ങളും പ്രതീക്ഷിക്കാം.
കോവിഡ് പ്രതിസന്ധി മറികടക്കാന്‍ നേരത്തേ കുറെ പരിഷ്കാരങ്ങള്‍ പ്രഖ്യാപിച്ചു കഴിഞ്ഞ സ്ഥിതിക്കു കൂടുതല്‍ പരിഷ്കരണ പ്രഖ്യാപനങ്ങള്‍ക്കു സര്‍ക്കാര്‍ മുതിര്‍ന്നേക്കില്ല. എന്നാല്‍ ആദായ നികുതി സ്ലാബുകളില്‍ മാറ്റമുണ്ടാകാന്‍ സാധ്യതയുണ്ട്.
നിലവിലെ സ്ലാബ് പ്രകാരം 10 ലക്ഷം വരെ വാര്‍ഷിക വരുമാനുള്ളവര്‍ക്ക് 30 ശതമാനമാണ് നികുതി. ഇത് 15 ലക്ഷം വരെ 20 ശതമാനമാക്കാന്‍ സാധ്യതയുണ്ട്. 15 ലക്ഷത്തിന് മുകളില്‍ 30 ശതമാനം വരെ ആക്കിയേക്കും. കോര്‍പറേറ്റ് നികുതി നിരക്കുകളില്‍ നേരത്തേ തന്നെ കൂടുതല്‍ ഇളവുകള്‍ വരുത്തിയിട്ടുള്ളതിനാല്‍ ഇതില്‍ മാറ്റം വന്നേക്കില്ല. റിയല്‍ എസ്റ്റേറ്റ് മേഖലയെ ഉത്തേജിപ്പിക്കുന്നതിനായി ഭവന വായ്പകള്‍ക്കുള്ള ആദായ നികുതി പരിധി നിലവിലെ ഒന്നരലക്ഷം രൂപയില്‍ നിന്നു രണ്ടു ലക്ഷമായി ഉയര്‍ത്തിയേക്കാം.
തെരഞ്ഞെടുപ്പു മുന്നില്‍ കണ്ട് കര്‍ഷകര്‍ക്കുള്ള രാസവള സബ്സിഡി കൂട്ടിയേക്കും. കര്‍ഷകര്‍ക്ക് അനുകൂലമായ മറ്റ് പ്രഖ്യാപനങ്ങളും ബജറ്റില്‍ പ്രതീക്ഷിക്കുന്നുണ്ട്. കോവിഡ് ബാധിച്ച് യാതൊരു സഹായവും കിട്ടാത്തവര്‍ക്കായി പ്രത്യേക പാക്കേജിനുള്ള സാധ്യതയുമുണ്ട്.


