മുംബൈ: കറന്സിനോട്ടുകള് കാഴ്ചശക്തിയില്ലാത്തവര്‍ക്ക് വേഗത്തില്‍ തിരിച്ചറിയാനായി മൊബൈല്‍ ഫോണ്‍ വഴി പുതിയ സംവിധാനമൊരുക്കാന്‍ റിസര്‍വ് ബാങ്ക് ഒരുങ്ങുന്നു. ഇതിനായി ആര്‍ബിഐ ആശയങ്ങള്‍ ക്ഷണിച്ചു. ആര്‍ബിഐ നിര്‍ദ്ദേശിക്കുന്ന വ്യവസ്ഥകള്‍ ഇപ്രകാരമാണ്. നോട്ടിന്റെ മൂല്യം മനസ്സിലാക്കാനായി നോട്ടുകള്‍ നിര്‍ദിഷ്ട ഉപകരണത്തിനു മുന്നില്‍ കാണിക്കുകയോ അതിന് ഉള്ളിലിടുകയോ ചെയ്യാം. അതുകഴിഞ്ഞ് രണ്ടുസെക്കന്ഡിനകം നോട്ടിന്റെ മൂല്യം ഇംഗ്ലിഷ്, ഹിന്ദി ഭാഷകളില്‍ ഉപയോഗിക്കുന്നയാളെ കേള്‍പ്പിക്കണമെന്നാണ് ടെന്‍ഡര്‍ രേഖയിലെ വ്യവസ്ഥ.
മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുള്ള സംവിധാനമാണെങ്കില്‍ ഇന്റര്‍നെറ്റില്ലാതെ ആയിരിക്കണം പ്രവര്‍ത്തിക്കുന്നത്. ഹാര്ഡ്വേര് മാത്രം ഉപയോഗിച്ചുള്ളതാണെങ്കില്‍ എളുപ്പം കൈകാര്യം ചെയ്യാനാവുന്നതും ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്നതോ റീച്ചാര്‍ജ് ചെയ്യാവുന്നതോ ആകണം.നിലവില്‍ ഇന്റാള്ജിയോ അച്ചടിവിദ്യയാണ് നോട്ടുകളുടെ മൂല്യം തിരിച്ചറിയാനായി കാഴ്ചശക്തിയില്ലാത്തവര്‍ ഉപയോഗിക്കുന്നത്. നൂറുരൂപയുടെയും അതിനു മുകളിലുള്ളവയുടെയും നോട്ടുകളില്‍ മാത്രമാണ് ഈ സംവിധാനമുള്ളത്. ഇവയക്കു പകരം പുതിയ സാങ്കേതികവിദ്യ കൊണ്ടുവരുമെന്ന് റിസര്‍വ് ബാങ്ക് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

