ഫറൂഖാബാദ്: ഉത്തര്‍പ്രദേശിലെ ഫറൂഖാബാദില്‍ കുട്ടികളെ ബന്ദിയാക്കിയ കൊലക്കേസ് പ്രതിയുടെ ഭാര്യയെ നാട്ടുകാര്‍ കല്ലെറിഞ്ഞു കൊന്നു. പിറന്നാള്‍ വിരുന്നിനെത്തിയ 23 കുട്ടികളെയും സ്ത്രീകളെയും തടവിലാക്കിയ സുഭാഷ് ബതാമിനെ വധിച്ച് ഇവരെ രക്ഷിച്ചതിനു തൊട്ടുപിന്നാലെയാണ് ഇയാളുടെ ഭാര്യയെ ജനക്കൂട്ടം ആക്രമിച്ചത്.
ഗുരുതരമായി പരുക്കേറ്റ യുവതിയെ പൊലിസ് എത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. കുട്ടികളെ തടവിലാക്കിയ സംഭവത്തില്‍ പ്രതിയുടെ ഭാര്യയ്ക്കും പങ്കുണ്ടെന്ന് ആരോപിച്ചാണ് ആള്‍ക്കൂട്ടം ഇവരെ ആക്രമിച്ചത്.
ഒരു കൊലക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട സുഭാഷ് അടുത്തിടെയാണ് പരോളില്‍ ഇറങ്ങിയത്. ഇതിനിടെ, തന്റെ മകളുടെ ഒന്നാം പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാനെന്ന വ്യാജേനയാണ് ഗ്രാമത്തിലെ കുട്ടികളെ പ്രതി തന്റെ വീട്ടിലേക്കു ക്ഷണിച്ചത്. ശേഷം തന്റെ ഭാര്യയും കുട്ടിയും അയല്‍വാസികളും അടങ്ങുന്ന സംഘത്തെ ഇയാള്‍ തോക്കു ചൂണ്ടി ബന്ദികളാക്കുകയായിരുന്നുവെന്ന് പൊലിസ് അറിയിച്ചു.
ഉത്തര്‍പ്രദേശ് ഭീകരവിരുദ്ധ സേനയാണ് കുട്ടികളെ മോചിപ്പിച്ചത്. സുഭാഷ് അയല്‍ വാസികള്‍ക്കു നേരെ വെടിയുതിര്‍ത്തതായും സ്ഥലത്തെത്തിയ പൊലിസിനു നേരെ ബോംബെറിഞ്ഞതായും റിപോര്‍ട്ടുണ്ട്.


