തെലങ്കാന: രാജ്യത്തെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ സ്ഥാനാര്‍ഥിയെ കാണാതായി. തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിലെ സിപിഎം നേതൃത്വം നല്കുന്ന ബഹുജന്‍ ലെഫ്റ്റ് ഫ്രണ്ട് മുന്നണിയുടെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം നേടിയ മുപ്പതുകാരിയായ ചന്ദ്രമുഖി മുവ്വലയെയാണ് കാണാതായത്. തട്ടിക്കൊണ്ടുപോയതായി സംശയിക്കുന്നതായി പൊലീസ്.ചൊവ്വാഴ്ച രാവിലെ മുതലാണ് ആക്ടിവിസ്റ്റ് കൂടിയായ ചന്ദ്രമുഖി മുവ്വലയെ കാണാതായത്. ഹൈദരാബാദിലെ ഗോഷാമഹല്‍ മണ്ഡലത്തില്‍ നിന്നുമാണ് ജനവിധി തേടുന്നത്. തെലങ്കാനയിലെ ഹിജ്റ സമിതി ഇത് സംബന്ധിച്ച് പൊലീസില്‍ പരാതി നല്കി.

പ്രചാരണത്തിനിറങ്ങാനായി ചന്ദ്രമുഖിയെ തേടിയെത്തിയ സുഹൃത്തുക്കളാണ് കാണാതായ വിവരം മറ്റുളളവരെ അറിയിച്ചത്. തിങ്കളാഴ്ച പ്രചാരണം നയിച്ചതിനു ശേഷം ഏറെ വൈകിയാണ് വീട്ടിലെത്തിയതെന്നും ചൊവ്വാഴ്ച അതിരാവിലെ ഒരു പറ്റം ആളുകളോടൊപ്പം ചന്ദ്രമുഖി പുറത്തു പോയതായി സംശയിക്കുന്നതായി സുഹൃത്തുക്കള്‍ പറയുന്നു.

പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണ്. വിദ്വേഷ പ്രസംഗങ്ങളിലൂടെ വിവാദനായകനായ ബിജെപി എംഎല്‍എ രാജാ സിങ്ങിനെയാണ് ചന്ദ്രമുഖി നേരിടുന്നത്. രാജാ സിങ്ങിനെതിരെയുള്ള ചന്ദ്രമുഖിയുടെ സ്ഥാനാര്‍ത്ഥിത്വത്തെ ആവേശത്തോടെയാണ് തെലങ്കാനയിലെ പൊതുസമൂഹം സ്വീകരിച്ചിരിക്കുന്നത്.
രാജ്യത്ത് തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിലാണ് ആദ്യമായി ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ട ഒരാളെ മത്സരിപ്പിക്കുന്നത്. ട്രാന്‍സ്ജെന്‍ഡേഴ്സിന്റെ അവകാശത്തിനായി പോരാടുക എന്നതാണ് തന്റെ ലക്ഷ്യമെന്നും സമൂഹത്തിന് ദോഷകരമായി താന്‍ യാതൊന്നും ചെയ്യുകയില്ലെന്നും രാഷ്ട്രീയ നയത്തില്‍ മാറ്റം വരുത്തുകയാണ് തന്റെ രാഷ്ട്രീയ പ്രവേശനമെന്നും ചന്ദ്രമുഖി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സെക്രട്ടറി തമിനേനി വീരഭദ്രമാണ് സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്തുവിട്ടത്.


