മലപ്പുറം: സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എ. വിജയരാഘവൻ എസ്ഡിപിഐ നേതാവുമായി കൂടിക്കാഴ്ച നടത്തിയെന്ന പേരിലുള്ള സമൂഹമാധ്യമങ്ങളിലെ പ്രചാരണം അടിസ്ഥാനരഹിതമെന്ന് സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറിയറ്റ്.
ജില്ലാ കമ്മിറ്റി അംഗത്തിന്റെ സഹോദരന്റെ ഗൃഹപ്രവേശന ചടങ്ങിലാണ് വിജയരാഘവൻ പങ്കെടുത്തത്. ചടങ്ങിന്റെ ഭാഗമായുള്ള ഗാനമേളയിൽ എസ്ഡിപിഐ പ്രാദേശിക നേതാവ് പാടുന്ന സമയത്ത് വിജയരാഘവൻ സമീപത്തെ ഹാളിൽ ഭക്ഷണം കഴിക്കുന്ന വീഡിയോ ആണ് പ്രചരിപ്പിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ വ്യക്തിഹത്യ നടത്താൻ ശ്രമം നടക്കുന്നുവെന്നും സിപിഎം.
വിജയരാഘവൻ ഭക്ഷണം കഴിക്കുമ്പോൾ എസ്ഡിപിഐ നേതാവ് പാട്ടുപാടുന്ന വീഡിയോയാണ് പുറത്തുവന്നിരുന്നത്. തെരെഞ്ഞെടുപ്പ് ഫലം വരുന്നതിന് തലേ ദിവസം കോഴിക്കോട് വെച്ച് നടന്ന പരിപാടിയിൽ ആയിരുന്നു സംഭവം. വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
പോസ്റ്റിൻ്റെ പൂർണരൂപം
സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം സ. എ വിജയരാഘവൻ എസ്ഡിപിഐ നേതാവുമായി കൂടിക്കാഴ്ച നടത്തിയെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം അപലപനീയമാണെന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയിൽ അിറയിച്ചു.
സിപിഐ എം ജില്ലാ കമ്മിറ്റി അംഗം ഗഫൂർ പി ലില്ലീസിന്റെ സഹോദരന്റെ ഗൃഹപ്രവേശനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിലാണ് സ. എ വിജയരാഘവൻ പങ്കെടുത്തത്. ചടങ്ങിന്റെ ഭാഗമായുള്ള ഗാനമേളയിൽ എസ്ഡിപിഐ പ്രാദേശിക നേതാവ് പാടുന്ന സമയത്ത് വിജയരാഘവൻ സമീപത്തെ ഹാളിൽ ഭക്ഷണം കഴിക്കുന്ന വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത്. വസ്തുതകൾ അന്വേഷിക്കാതെ ചില ചാനലുകൾ ഇത് വാർത്തയുമാക്കി. പാർടി നേതാക്കളെ തെരഞ്ഞുപിടിച്ച് വ്യക്തിഹത്യ നടത്താനുള്ള ബോധപൂർവ നീക്കങ്ങളുടെ ഭാഗമാണ് ഇത്തരം ശ്രമങ്ങൾ.
മതതീവ്രവാദ ശക്തികൾക്കെതിരെ ശക്തമായ നിലപാടെടുത്ത് മുന്നോട്ടുപോകുന്ന രാഷ്ട്രീയ നേതാവാണ് സ. എ വിജയരാഘവൻ. മതിരപേക്ഷ നിലപാട് ഉയർത്തിപ്പിടച്ചതിന്റെ പേരിൽ സംഘപരിവാറും മുസ്ലിം മതതീവ്രദാ സംഘടനകളും ഒരേ സമയം അദ്ദേഹത്തെ കടന്നാക്രമിക്കാറുണ്ട്. അതിനെ പ്രതിരോധിച്ചാണ് അദ്ദേഹം രാഷ്ട്രീയ പ്രവർത്തനം നടത്തുന്നത്. അടിസ്ഥാനരഹിത ആരോപണങ്ങളുയർത്തി വ്യക്തിഹത്യ നടത്താനുള്ള നീക്കത്തെ പാർടി അവജ്ഞയോടെ തള്ളിക്കളയുന്നു. വാർത്ത തിരുത്താൻ മാധ്യമങ്ങൾ തയ്യാറാകണമെന്നും സെക്രട്ടറിയറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.


