ശ്രീനഗർ∙ ബാലാക്കോട്ടിലെ ആക്രമണത്തിനു പിന്നാലെ ഇന്ത്യൻ വ്യോമാർതിർത്തിയിൽ കടക്കാൻ പാക്ക് വിമാനത്തിന്റെ ശ്രമം. ജമ്മു കശ്മീരിലെ രജൗറി ജില്ലയിൽ നൗഷേറ സെക്ടറിന്റെ പരിധിയിലേക്കാണ് പാക്ക് കടന്നുകയറ്റമുണ്ടായത്. ഇന്ത്യൻ വ്യോമസേന തിരിച്ചടിച്ചതോടെ ഇവർ അതിർത്തി കടന്ന് തിരികെ പറന്നു. വ്യോമാതിർത്തിയിൽ പട്രോളിങ് നടത്തിയിരുന്ന വിമാനങ്ങളാണ് പാക്ക് വിമാനത്തെ തുരത്തിയത്.

അതേസമയം, ലേ, ജമ്മു, ശ്രീനഗർ, പഠാൻകോട്ട് വിമാനത്താവളങ്ങളിൽ അതീവജാഗ്രത പുറപ്പെടുവിച്ചു. സുരക്ഷ കാരണങ്ങളാൽ ഈ വിമാനത്താവളങ്ങളിൽ നിന്നുള്ള സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു. യാത്രാവിമാനങ്ങൾ അടക്കമുള്ളവ ഇവിടെ തടഞ്ഞിരിക്കുകയാണ്. ഇവിടങ്ങൾ വ്യോമനിരോധന മേഖലയായി അനിശ്ചിതകാലത്തേക്ക് പ്രഖ്യാപിച്ചു. ഇന്ത്യൻ വ്യോമസേന വിമാനങ്ങൾക്ക് സുഗമമായി നീക്കം നടത്താനാണെന്നാണു വിശദീകരണം.
പുൽവാമ ഭീകരാക്രമണത്തിനു മറുപടിയായി ഇന്ത്യ തിരിച്ചടിച്ചതിനു പിന്നാലെ അതിർത്തിയിൽ പാക്കിസ്ഥാൻ പ്രകോപനം തുടർന്നിരുന്നു. പുലർച്ചെ നടന്ന ഏറ്റുമുട്ടലിൽ രണ്ടു ഭീകരരെ സേന വധിക്കുകയും ചെയ്തു. പാക്ക് ഭീകരകേന്ദ്രം ആക്രമിച്ചതോടെ അതിർത്തിയിൽ ഇന്ത്യ സുരക്ഷ ശക്തമാക്കിയിരുന്നു. തിരിച്ചടിക്കുമെന്ന് പാക്കിസ്ഥാൻ ഇന്നലെ വ്യക്തമാക്കിയിരുന്നു.

