മിസോറാം: റിപ്പബ്ളിക് ദിനത്തില്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരനെ ബഹിഷ്കരിച്ച് മിസോറാം ജനത. ഏറെക്കുറെ കാലിയായ സദസിന് മുമ്പിലാണ് കുമ്മനം രാജശേഖരന് തന്റെ റിപ്പബ്ളിക് ദിന പ്രസംഗം നടത്തിയത്. പൗരത്വ ബില്ലിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായായിരുന്നു പൊതുജനങ്ങള്‍ ഗവര്‍ണറുടെ റിപ്പബ്ളിക് ദിന പരിപാടിയില്‍ നിന്ന് മാറിനിന്നത്.
റിപ്പബ്ളിക് ദിന ആഘോഷ പരിപാടികളില്‍ മന്ത്രിമാരും ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും സന്നിഹതരായിരുന്നെങ്കിലും പൊതുജനങ്ങള്‍ ആരുമുണ്ടായിരുന്നില്ല. വിദ്യാര്‍ഥി സംഘടനകളും പൗരാവകാശ സംരക്ഷണ സംഘങ്ങളും ഉള്‍പ്പെട്ട എന്‍.ജി.ഒ കോര്‍ഡിനേഷന്‍ കമ്മിറ്റിയാണ് ബഹിഷ്കരണത്തിന് ആഹ്വാനം ചെയ്തത്. ഇത്തവണ റിപ്പബ്ളിക് ദിന പരേഡില്‍ ആറ് സായുധ സൈനിക വിഭാഗങ്ങള്‍ മാത്രമാണ് പങ്കെടുത്തത്. സാധാരണഗതിയില്‍ 30 ഓളം സായുധ സൈനിക വിഭാഗങ്ങളാണ് പരേഡില്‍ അണിനിരക്കാറുള്ളത്.

