ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എത്തുന്നതിനു മണിക്കൂറുകള്മുമ്ബ് പൗരത്വനിയമഭേദഗതിയുടെ പേരില്‍ ഡല്‍ഹിയില്‍ വന്‍സംഘര്‍ഷം. ഏറ്റുമുട്ടലില്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ഗോകുല്‍പുരി എ.സി.പി. ഓഫീസിലെ ഹെഡ് കോണ്‍സ്റ്റബിള്‍ രത്തന്‍ ലാലും (42) നാട്ടുകാരനായ ഫര്‍ഖന്‍ അന്‍സാരിയും (32) ഉള്‍പ്പെടെ അഞ്ചു പേര് കൊല്ലപ്പെട്ടു. ശാഹ്ദ്ര ഡി.സി.പി. അമിത് ശര്‍മയുള്‍പ്പെടെ അന്പതോളംപേര്ക്കു പരിക്കേറ്റു. ഇതേത്തുടര്‍ന്ന് വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്.
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനം തുടരുന്നതിനിടെയാണ് തലസ്ഥാനത്ത് സംഘര്‍ഷം. ഡല്‍ഹിയിലാണ് ട്രംപിന്റെ ഇന്നത്തെ പരിപാടികള്‍. രാഷ്ട്രപതി ഭവനിലാണ് ആദ്യ പരിപാടി. രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒരുക്കുന്ന വിരുന്നില്‍ അദ്ദേഹവും കുടുംബവും പങ്കെടുക്കും. പിന്നീട് ഹൈദരാബാദ് ഹൗസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ച നടത്തും.


