ഹൈദരാബാദ്: പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആർഡിഒയുടെ ഉപഗ്രഹമായ മൈക്രോസാറ്റ്-ആര്, വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച കലാംസാറ്റ് എന്നീ ഉപഗ്രഹങ്ങള്‍ വഹിച്ചുള്ള പിഎസ്എല്‍വി സി 44ന്റെ വിക്ഷേപണം വിജയകരമായി പൂർത്തിയാക്കി. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പെയ്സ് സെന്ററില്‍ നിന്ന് രാത്രി 11.37നായിരുന്നു വിക്ഷേപണം.
നൂറ്റിമുപ്പത് കിലോഗ്രാം ഭാരം വരുന്ന മൈക്രോസാറ്റ് ആർ, രാജ്യത്തിന്റെ പ്രതിരോധ മേഖലയ്ക്ക് കൂടുതല്‍ കരുത്ത് പകരുന്നതാണ്. വിക്ഷേപിച്ച് കൃത്യം പതിനഞ്ച് മിനിട്ടിനുള്ളില്‍ ഉപഗ്രഹം ഇരുന്നൂറ്റി എഴുപത്തിനാല് കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലെത്തിച്ചേര്‍ന്നു. ഇത് പിഎസ്എല്‍വിയുടെ നാൽപ്പത്താറാമത് വിക്ഷേപണമാണ്. പിഎസ്എല്‍വിയുടെ പുതിയ പതിപ്പായ പിഎസ്എല്‍വി ഡിഎൽ ആണ് വിക്ഷേപണത്തിനായി ഉപയോഗിച്ചിരിക്കുന്നത്.

