ഹൈദരാബാദ്ന്: പതിനാലുകാരിയെ വീട്ടുജോലിക്കു നിര്‍ത്തി പീഡിപ്പിച്ചുവെന്ന് ആരോപിച്ചു നടി ഭാനുപ്രിയയ്ക്കെതിരെ പൊലീസില്‍ പരാതി. ബാലവേല നിരോധന നിയമ പ്രകാരമാണു നടിക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. പതിനാലു വയസിനു താഴെയുളള കുട്ടികളെ വീട്ടുജോലിക്കു നിര്‍ത്തുന്നതു രണ്ടു വര്‍ഷം തടവും അന്‍പതിനായിരം രൂപ വരെ പിഴയും ലഭിക്കുന്ന കുറ്റകൃത്യമാണ്. പെണ്‍കുട്ടിയുടെ പ്രായം തനിക്കറിയില്ലായിരുന്നുവെന്നായിരുന്നു ഭാനുപ്രിയയുടെ നിലപാട്. ദേശീയ മാധ്യമമാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തു വിട്ടത്.
ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയില്‍ നിന്നുളള പ്രഭാവതിയെന്ന യുവതിയാണു നടിക്കെതിരെ രംഗത്തു വന്നത്. തന്റെ പതിനാലു വയസ് മാത്രം പ്രായമുളള മകളെ ഭാനുപ്രിയ വീട്ടുജോലിക്കായി ചെന്നൈയിലേക്കു കൊണ്ടുപോയെന്നും അതിക്രൂരമായി പീഡിപ്പിച്ചുവെന്നും കാണിച്ച് സമാല്‍കോട്ട പൊലീസ് സ്റ്റേഷനില്‍ ഇവര്‍ പരാതി നല്കി. പെണ്‍കുട്ടിക്കു മാസങ്ങളായി ശമ്പളം നിഷേധിച്ചെന്നും പ്രഭാവതി ആരോപിച്ചു. മാസം 10000 രൂപ ശമ്പളത്തിലാണ് ഏജന്റ് മുഖേനേ പെണ്‍കുട്ടി ഭാനുപ്രിയയുടെ അടുത്തെത്തുന്നത്. ചെന്നൈയിലെ വീട്ടില്‍ ഭാനുപ്രിയ പെണ്‍കുട്ടിയെ ജോലിക്കു നിര്‍ത്തിയിരുന്നു. പതിനെട്ടു മാസത്തോളം ശമ്പളം നിഷേധിച്ചതായും ക്രൂരമായി പീഡിപ്പിച്ചതായും പരാതിയില്‍ പറയുന്നു. മാസങ്ങളായി കുടുംബവുമായി ബന്ധപ്പെടാനുളള അവസരം നിഷേധിച്ചതായും പരാതിയിലുണ്ട്. ഭാനുപ്രിയയുടെ സഹോദരന് ഗോപാലകൃഷ്ണന് പെണ്‍കുട്ടിയെ ഉപദ്രവിച്ചതായി പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് അജ്ഞാത സന്ദേശം ലഭിച്ചതിനെ തുടര്‍ന്നാണു വീട്ടുകാര്‍ ചെന്നൈയിലെ ഭാനുപ്രിയയുടെ വീട്ടിലെത്തിയത്. പെണ്‍കുട്ടിയെ വിട്ടുകിട്ടണമെങ്കില്‍ പത്തുലക്ഷം രൂപ ഭാനുപ്രിയ ആവശ്യപ്പെട്ടതായി പ്രഭാവതി ആരോപിക്കുന്നു.

