നിവാര്‍ ചുഴലിക്കാറ്റ് കരയോട് അടുത്തുകൊണ്ടിരിക്കെ തമിഴ്നാട്ടില്‍ അതീവ ജാഗ്രത. തമിഴ്നാട്ടിലും പുതുച്ചേരിയിലും നാളെ പൊതുഅവധി പ്രഖ്യാപിച്ചു. ചെന്നൈ തുറമുഖം വൈകിട്ട് ആറിന് അടയ്ക്കും. കപ്പലുകള്‍ സുരക്ഷിത മേഖലയിലേക്ക് മാറ്റുന്ന നടപടികള്‍ തുടങ്ങി. ഇതിനിടെ, തമിഴ്നാടിന്റെ വിവിധ പ്രദേശങ്ങളില്‍ മഴ ശക്തമായി. തീരദേശ, ഡെല്‍റ്റ ജില്ലകളില്‍ ദുരന്ത ലഘൂകരണ പ്രവര്‍ത്തനങ്ങള്‍ യുദ്ധകാല അടിസ്ഥാനത്തില്‍ പുരോഗമിക്കുകയാണ്. ഏഴുജില്ലകളില്‍ പൊതുഗതാഗത സംവിധാനങ്ങള്‍ നിര്‍ത്തി. 11 ട്രെയിനുകള്‍ റദ്ദാക്കി.
നിവാര്‍ ചുഴലിക്കാറ്റ് തീരം തൊടാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ തമിഴ്നാടിനും പുതുച്ചേരിക്കും എല്ലാ വിധ സഹായവും ഉറപ്പ് നല്കി പ്രധാനമന്ത്രി. ഇത് സംബന്ധിച്ച കാര്യം ചര്‍ച്ച ചെയ്യാന്‍ തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുമായും പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണ സ്വാമിയുമായും പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണില്‍ വിളിച്ച് സംസാരിച്ചു. ഇതിനു പുറമേ, ഇരു സംസ്ഥാനങ്ങളിലെ ജനങ്ങളുടെ ക്ഷേമത്തിനും സുരക്ഷയ്ക്കുമായി പ്രാര്‍ത്ഥിക്കുന്നതായും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി സ്ഥിതിഗിതികള്‍ വിലയിരുത്തി. ഗജ ചുഴറ്റിയെറിഞ്ഞ തമിഴ്നാടിന്റെ ഡെല്‍റ്റ, തീരദേശ ജില്ലകളിലൂടെ നിവാര്‍ വരികയാണ്. 2018 ല്‍ 45 ജീവനകളും 56000 ഹെക്ടറിലെ കൃഷിയും ആയിരത്തിലധികം കന്നുകാലികളെയുമാണ് കാറ്റ് ചുഴറ്റിയെറിഞ്ഞത്. നിവാറും സമാന ദുരന്തങ്ങളുണ്ടാക്കിയേക്കുമെന്ന മുന്നറിയിപ്പാണു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കുന്നത്. പുതുകോട്ട, നാഗപട്ടണം, തഞ്ചാവൂര്‍, തിരുവാരൂര്‍ കടലൂര്‍ വില്ലുപുരം, ചെങ്കല്പേട്ടു ജില്ലകളില്‍ ജനങ്ങള്‍ പൂര്‍ണമായിട്ടും വീടുകളിലേക്കു ഒതുങ്ങികഴിഞ്ഞു.
ഒരുമണിമുതല്‍ പൊതുഗാതഗത സംവിധാനങ്ങളൊന്നും നിരത്തിലില്ല. മൂന്നു ദിവസത്തേക്കാവശ്യമായ ഭക്ഷണങ്ങള്‍ ശേഖരിച്ചുവെയ്ക്കാന്‍ ജില്ലാ ഭരണകൂടങ്ങള്‍ നിര്‍ദേശം നല്കി. നാളെ ഉച്ചയോടെ വൈദ്യുത വിതരണം നിലയ്ക്കുന്നതിനാല്‍ എമര്‍ജന്‍സി ലൈറ്റുകള്‍ മൊബൈല്‍ ഫോണുകള്‍ മെഴുകിതിരികള്‍ തുടങ്ങിയ തയാറാക്കി വെയ്ക്കാനും നിര്‍ദേശമുണ്ട്. പുതുച്ചേരിയില്‍ 144 പ്രഖ്യാപിച്ചു. നിലവില്‍ 25 കിലോമീറ്റര്‍ വേഗതയില്‍ തമിഴ്നാട് തീരത്തേക്കു അടുത്തുകൊണ്ടിരിക്കുയാണ് നിവാര്‍.
ചുഴലിക്കാറ്റ് മാമല്ലാപൂരത്തിനും കാരയ്ക്കലിനുമിടയില്‍ നാളെ വൈകിട്ട് കരയില്‍ പ്രവേശിക്കുമെന്നാണ് പ്രവചനം. 145 കിലോമീറ്റരായിയിരിക്കും കരയില്‍ പ്രവേശിക്കുമ്പോഴുള്ള കാറ്റിന്റെ വേഗത. നിലവില്‍ കാറ്റ് ചെന്നൈയുടെ തെക്ക്- കിഴക്കന്‍ തീരത്ത് നിന്നും 360 കിലോമീറ്റര്‍ അകലെയാണുള്ളത്. കാരയ്ക്കല്‍, നാഗപട്ടണം, തഞ്ചാവൂര്‍ ഉള്‍പ്പെടെ തമിഴ്നാട്ടിലെ ഏഴ് ജില്ലകളില്‍ പൊതു ഗതാഗതം. 33 ട്രെയിനുകള്‍ ഇതുവരെ ദക്ഷിണ റെയില്‍വേ റദ്ദാക്കി.


