ന്യൂഡല്‍ഹി: രാഷ്ട്രീയ നേട്ടത്തിനായി കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്നതിനെതിരെ പ്രമുഖ കൃഷിശാസ്ത്രജ്ഞന്‍ ഡോ. എം.എസ്.സ്വാമിനാഥന്. രാഷ്ട്രീയ നേട്ടത്തിനായി കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്ന രീതി രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്കു നല്ലതല്ലെന്ന് ഒരു ദേശീയ മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ സ്വാമിനാഥന് അഭിപ്രായപ്പെട്ടു. കാര്‍ഷിക പ്രതിസന്ധി എന്നതു മറ്റൊരു സാമ്പത്തിക പ്രതിസന്ധിയാണ്.
കാലവര്‍ഷവും വിപണിയുമാണു ചെറുകിട കര്‍ഷകരെ ബാധിക്കുന്ന നിര്‍ണായക ഘടകങ്ങള്‍. സാ്മ്പത്തികമായി നടപ്പാക്കാന്‍ സാധിക്കാത്ത നയങ്ങളെ തിരഞ്ഞെടുപ്പു വിജയിക്കാനുള്ള തന്ത്രമായി രാഷ്ട്രീയ നേതാക്കള്‍ പ്രോല്‍സാഹിപ്പിക്കരുത് – സ്വാമിനാഥന് പറഞ്ഞു.
മധ്യപ്രദേശ്, രാജസ്ഥാന്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളില്‍ അധികാരത്തിലേറിയ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളിയ പശ്ചാത്തലത്തിലാണു സ്വാമിനാഥന്റെ പ്രതികരണം. 2 ലക്ഷം രൂപ വരെയുള്ള കടങ്ങള്‍ ഒഴിവാക്കുമെന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വാഗ്ദാനം നല്‍കിയിരുന്നു.
രാജസ്ഥാനില്‍ 18,000 കോടി, മധ്യപ്രദേശില്‍ 35,000-38,000 കോടി, ഛത്തീസ്ഗഡില്‍ 6100 കോടി എന്നിങ്ങനെയാണു വായ്പകള്‍ എഴുതിത്തള്ളിയത്. കര്‍ഷക വോട്ടുബാങ്കുകളെ ഉന്നമിട്ടു നടത്തിയ പ്രഖ്യാപനത്തിലൂടെ 59,100 കോടി മുതല്‍ 62,100 കോടി രൂപ വരെയാണു സര്‍ക്കാരുകള്‍ക്കുണ്ടായ സാമ്ബത്തിക ബാധ്യത.

