കാക്കിനാഡ: ആന്ധ്രാപ്രദേശ് കാക്കിനാഡ ജില്ലയിലെ തല്ലരേവു മണ്ഡലത്തിൽ നിന്നുള്ള ഒരു വീഡിയോ സർക്കാർ ജീവനക്കാരുടെ ഡ്യൂട്ടി സമയത്തെ പെരുമാറ്റത്തെക്കുറിച്ച് ചോദ്യമുയര്‍ത്തുകയാണ്.ഡ്യൂട്ടിയിലിരിക്കെ മൊബൈൽ ഫോണിൽ അശ്ലീല വീഡിയോകൾ കണ്ട് രസിക്കുന്ന തപാൽ ജീവനക്കാരന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായി പ്രചരിക്കുന്നത്.
ഓഫീസിലെ തിരക്ക് സമയത്താണ് തന്റെ കമ്പ്യൂട്ടറിന് മുന്നിലെ കസേരയിൽ സുഖമായിരുന്ന് അശ്ലീല വീഡിയോ കാണുന്ന ജീവനക്കാരനെ വീഡിയോയിൽ കാണാം. അത്യാവശ്യ തപാൽ ജോലികൾ പൂർത്തിയാക്കാൻ മണിക്കൂറുകളോളം കാത്തിരുന്ന പ്രദേശവാസികൾക്കിടയിൽ ഈ സംഭവം രോഷത്തിനിടയാക്കി. സംഭവദിവസം തല്ലരേവ് പോസ്റ്റൽ ഓഫീസിൽ നിരവധിപേര്‍ തപാൽ ആവശ്യങ്ങൾ നിര്‍വഹിക്കാൻ എത്തിയിരുന്നതായി പ്രാദേശിക റിപ്പോർട്ടുകൾ പറയുന്നു. ഓഫീസ് കമ്പ്യൂട്ടർ സിസ്റ്റങ്ങളിൽ സാങ്കേതിക പ്രശ്നമുണ്ടെന്നായിരുന്നു ജീവനക്കാരുടെ ന്യായീകരണം. ജോലി സമയത്ത് ജീവനക്കാരൻ തന്റെ ഫോണിൽ അശ്ലീല വീഡിയോകൾ കാണുന്നുണ്ടെന്ന് പിന്നീട് വ്യക്തമായി. ഈ ജീവനക്കാരനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തതായി റിപ്പോർട്ടുണ്ട്.


