ദില്ലി: ഇവിഎമ്മുകൾ വ്യാപകമായി കടത്തുന്നുവെന്നും സുരക്ഷയില്ലാതെ വാഹനങ്ങളിൽ കൊണ്ടുപോകുന്നുവെന്നുമുള്ള ആരോപണങ്ങൾ വ്യാപകമായി ഉയരുന്നതിനിടെ 22 പ്രതിപക്ഷ നേതാക്കൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ട് പരാതി നൽകി. വിവിപാറ്റ് എണ്ണലിൽ എന്തെങ്കിലും ക്രമക്കേട് ശ്രദ്ധയിൽപ്പെട്ടാൽ ആ മണ്ഡലത്തിലെ 100 ശതമാനം വിവിപാറ്റുകളും എണ്ണി വോട്ടുമായി ഒത്തുനോക്കണമെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം.
”കഴിഞ്ഞ ഒന്നരമാസമായി ഞങ്ങളീ ആവശ്യം ഉന്നയിക്കുന്നു. തെരഞ്ഞെടുപ്പ് കമ്മീഷനോട് എന്തുകൊണ്ടാണ് ഞങ്ങളുടെ പരാതികൾ കേൾക്കാത്തതെന്ന് ഞങ്ങൾ ചോദിച്ചു. വിചിത്രമാണ്. ഒരു മണിക്കൂറോളം ഞങ്ങളുടെ പരാതികൾ കേട്ട ശേഷം വീണ്ടും നാളെ ഞങ്ങളെ കാണാമെന്നാണ് അവർ പറഞ്ഞത്”, കോൺഗ്രസ് നേതാവ് അഭിഷേക് സിംഗ്വി പറഞ്ഞു.

