ദില്ലി: ഇന്ത്യയില്‍ ഉപയോഗിക്കുന്ന വോട്ടിങ് യന്ത്രങ്ങള്‍ താന്‍ ഹാക്ക് ചെയ്തിട്ടുണ്ടെന്ന് അമേരിക്കന്‍ ഹാക്കറുടെ അവകാശവാദം. ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരുടെ സംഘടന ലണ്ടനില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് ഹാക്കര്‍ വെളിപ്പെടുത്തല്‍ നടത്തിയത്.
ഇതിനായി എസ് പി, ബി എസ് പി പാര്‍ട്ടികള്‍ തന്നെ സമീപിച്ചിട്ടുണ്ടെന്നും ഹാക്കര്‍ പറഞ്ഞു. ലണ്ടനില്‍ നടന്ന പരിപാടിയില്‍ വോട്ടിംഗ് യന്ത്രം ഹാക്ക് ചെയ്യുന്നത് എങ്ങനെയെന്ന് ഹാക്കര്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു.
ഇന്ത്യന്‍ സര്‍ക്കാരോ തെരഞ്ഞെടുപ്പ് കമ്മീഷനോ ഇത് ഒരിക്കലും അംഗീകരിക്കില്ലെങ്കിലും ഇന്ത്യന്‍ വോട്ടിംഗ് യന്ത്രങ്ങള്‍ ഹാക്ക് ചെയ്യാനാകുമെന്ന് അമേരിക്കന്‍ ഹാക്കര്‍ അവകാശപ്പെട്ടു. പല നിയമസഭാ തെരഞ്ഞെടുപ്പുകളിലും ഇന്ത്യന്‍ വോട്ടിംഗ് യന്ത്രം ഹാക്ക് ചെയ്തിട്ടുണ്ട്. കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലും ഈ പരിപാടിയില്‍ ക്ഷണിതാവായി പങ്കെടുത്തു. മുമ്പും പലതവണ വോട്ടിംഗ് യന്ത്രങ്ങളുടെ വിശ്വാസ്യത സംബന്ധിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപണം ഉന്നയിച്ചിട്ടുണ്ടെങ്കിലും ഇലക്ഷന് കമ്മീഷന് ഇത് തള്ളിക്കളഞ്ഞിരുന്നു. ഇന്ത്യയില്‍ ഉപയോഗിക്കുന്ന വോട്ടിംഗ് യന്ത്രങ്ങള്‍ ഒരിക്കലും ഹാക്ക് ചെയ്യാനാകില്ല എന്ന് തെഞ്ഞെടുപ്പ് കമ്മീഷന് ആവര്‍ത്തിച്ചിരുന്നു. വോട്ടിംഗ് യന്ത്രങ്ങള്‍ ഹാക്ക് ചെയ്യുന്നു എന്ന ആരോപണം ബിജെപിക്കെതിരെ കോണ്‍ഗ്രസ് പലവട്ടം ഉന്നയിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തില്‍ ഹാക്കറുടെ അവകാശവാദം പുതിയ ചര്‍ച്ചകള്‍ക്ക് വഴിവയ്ക്കും.

