ന്യൂ ഡല്‍ഹി: പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യതലസ്ഥാനത്ത് വ്യാപക അക്രമം. പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെയും പോലീസ് തല്ലിച്ചതച്ചു. മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ടര്‍ അരുണ്‍ ശങ്കര്‍, ക്യാമറാമാന് വൈശാഖ് ജയപാലന് എന്നിവരെ പോലീസ് ക്രൂരമായി മര്‍ദിച്ചു. പ്രതിഷേധക്കാരെ പോലീസ് ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ക്യാമറാമാന് പകര്‍ത്തുന്നതിനിടയിലാണ് ആക്രമണമുണ്ടായത്. ആക്രമണത്തെ തുടര്‍ന്ന് ഡല്‍ഹി മെട്രോയുടെ 17 സ്റ്റേഷനുകള്‍ അടച്ചു. ഡല്‍ഹി ജമാ മസ്ജിദിന് മുന്നില്‍നിന്ന് ഉച്ചയ്ക്ക് ആരംഭിച്ച മാര്‍ച്ചും വൈകുന്നേരമായതോടെ അക്രമാസക്തമായി. ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന്റെ നേതൃത്വത്തിലാണ് ഡല്‍ഹി ജമാ മസ്ജിദിന് മുന്നില്‍നിന്ന് ആയിരങ്ങള്‍ അണിനിരന്ന മാര്‍ച്ച് തുടങ്ങിയത്. കുട്ടികളെപ്പോലും തിരഞ്ഞുപിടിച്ച് ആക്രമിക്കുന്ന സാഹചര്യമാണുണ്ടായത്. പ്രക്ഷോഭത്തെ തുടര്‍ന്ന് രാജ്യതലസ്ഥാനം കനത്ത പോലീസ് വലയത്തിലാണ്.

