ശ്രീനഗര്‍: ജമ്മുകശ്മീരില്‍ വന്‍ ഭീകരാക്രമണത്തിനായി തയ്യാറാക്കിയ പദ്ധതി പോലീസ് പൊളിച്ചു. ഭീകരസംഘടനായ ഹിസ്ബുള്‍ മുജാഹിദീന്റെ ഭാഗമായവര്‍ എന്ന് വിവരം ലഭിച്ച അഞ്ചുപേരെ പോലീസ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഭീകരാക്രമണ പദ്ധതി വെളിപ്പെട്ടത്.
ആഖിബ് നാസിര്‍ റാത്തര്‍, അമീര്‍ മജീദ് വാണി, സമീര്‍ അഹമ്മദ് ഭട്ട്, ഫൈസല്‍ ഫാറൂഖ് അഹങ്ങെര്‍, റായിസ് അഹമ്മദ് ഗനി എന്നിവരെയാണ് ജമ്മുകശ്മീര്‍ പോലിസ് ചൊവ്വാഴ്ച പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ പിടികൂടിയത്. ഇവരില്‍ നിന്ന് സ്ഫോടനത്തിന് തയ്യാറാക്കിയ ഐഇഡി കണ്ടെടുക്കുകയും ചെയ്തുവെന്നാണ് വിവരങ്ങള്‍. ഷോപിയാനില്‍ നിന്നാണ് ഇവരെ പിടികൂടിയത്.
കശ്മീരിലെ സുരക്ഷാ സേനയ്ക്ക നേരെ ആക്രമണം നടത്താന്‍ ഭീകരര്‍ക്ക് ഇവര്‍ സഹായം ചെയ്തുകൊടുത്തിട്ടുണ്ടെന്നാണ് വിവരം. ഷോപിയാനില്‍ സുരക്ഷാ സേനയ്ക്ക് നേരെ വലിയ ആക്രമണങ്ങള്‍ നടത്താനും ഇവര്‍ പദ്ധതി തയ്യാറാക്കിയിരുന്നു. ഇവരെ പിടികൂടിയതോടെ ഭീകരാക്രമണ പദ്ധതി പൊളിഞ്ഞു.
അതേസമയം പാക് ഭീകര സംഘടനകളായ ലഷ്കര്‍ ഇ തോയ്ബ, ജെയ്ഷെ മുഹമ്മദ് എന്നിവര്‍ സൈനിക താവളങ്ങള്‍, സുരക്ഷാ സേനകള്‍ പോകുന്ന വാഹന വ്യൂഹം എന്നിവയ്ക്ക് നേരെ
ചാവേര്‍ ആക്രമണം നടത്താന്‍ പദ്ധതി തയ്യാറാക്കുന്നതായുള്ള വിവരം രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചിട്ടുണ്ട്.
ബാരാമുള്ള, കുപ്വാര- ശ്രീനഗര്‍ ഹൈവേ എന്നിവിടങ്ങളിലും നിയന്ത്രണ രേഖയ്ക്ക് സമീപം വിന്യസിച്ചിരിക്കുന്ന സൈനികരെ ലക്ഷ്യമിട്ടും ആക്രമണങ്ങള്‍ ഉണ്ടാകാമെന്നും രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ കശ്മീരില്‍ സുരക്ഷാ സേനയെ മാത്രം ലക്ഷ്യമിട്ട് വലിയ ഭീകരാക്രമണങ്ങള്‍ ഉണ്ടായേക്കാമെന്നുള്ള വിവരങ്ങളും ഇവര്‍ ശേഖരിച്ചിട്ടുണ്ട്.

