ലഖ്നൗ: ഉന്നാവ് ബലാത്സംഗക്കേസുമായി ബന്ധപ്പെട്ട സംഭവ വികാസങ്ങള്‍ രാജ്യത്തെ തന്നെ ഞെട്ടിച്ചതാണ്. രാജ്യ-സംസ്ഥാന ഭരണങ്ങള്‍ കൈയ്യാളുന്ന പാര്‍ട്ടിയുടെ എം എല്‍ എ തന്നെ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നും പിന്നീട് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നുമുള്ള കേസുകള്‍ സുപ്രീം കോടതിയുടെ പരിഗണനിയിലാണ്. ബിജെപിയാകട്ടെ എം എല്‍ എയെ പുറത്താക്കി മുഖം രക്ഷിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അതിനിടയിലാണ് ഉന്നാവ് എം എല്‍ എയുടെ ചിത്രമടക്കമുള്ള സ്വാതന്ത്ര്യ ദിന സന്ദേശമടങ്ങുന്ന പത്രപരസ്യം ബിജെപിക്ക് തലവേദനയായി മാറുന്നത്.
ഉന്നാവ് കേസിലെ പ്രതി കുല്‍ദീപ് സിംഗ് സെംഗാറിന്റെ ചിത്രമുള്ള പത്രപരസ്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവും പ്രത്യക്ഷപ്പെട്ടതാണ് വിവാദത്തിന് കാരണം. ഒരു ഹിന്ദി പ്രാദേശിക പത്രത്തിലാണ് സ്വാതന്ത്ര്യദിന സന്ദേശമടങ്ങുന്ന പരസ്യം പ്രത്യക്ഷപ്പെട്ടത്. പരസ്യത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ചിത്രവുമുണ്ട്. സ്വാതന്ത്ര്യദിനത്തിനൊപ്പം രക്ഷാബന്ധന് ആശംസകളും നേര്‍ന്നുളള പരസ്യം നല്‍കിയിരിക്കുന്നത് ഉഗു പഞ്ചായത്ത് ചെയര്മാന് അഞ്ചു കുമാര്‍ ദിക്ഷിതാണ് ഈ പരസ്യം നല്‍കിയിരിക്കുന്നതെന്ന് ദേശീയ വാര്‍ത്ത ഏജന്‍സിയായ എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്തു.


