ന്യൂഡല്‍ഹി: 2047ല്‍ ഇന്ത്യയെ വികസിത രാജ്യമാക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് പറഞ്ഞ പ്രധാനമന്ത്രി അതിനായി അടുത്തുള്ള അഞ്ച് വര്‍ഷങ്ങള്‍ നിര്‍ണായകമാണെന്നും വ്യക്തമാക്കി. തന്റെ 10-ാം ചെങ്കോട്ട പ്രസംഗത്തിലായിരുന്നു പ്രധാന മന്ത്രിയുടെ പ്രഖ്യാപനം.
2014ല്‍ ലോകത്തെ 10മത്തെ എക്കണോമിയായിരുന്ന ഇന്ത്യ പത്ത് വര്‍ഷം പിന്നിട്ടപ്പോള്‍ ഇന്ന് ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയെ വിശ്വമിത്രമായാണ് ലോകരാജ്യങ്ങള്‍ കണക്കാക്കുന്നത്. അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ ഭാരതത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കി മാറ്റുക എന്നതാണ് തന്റെ ലക്ഷ്യമെന്നും അത് യാഥാര്‍ത്ഥ്യമാകുമെന്ന് ഉറപ്പുനല്‍കുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.
കുടുംബാധിപത്യം ഇന്നും രാജ്യത്തിന് വെല്ലുവിളിയാണ്. ഓഫ് ദ ഫാമിലി, ബൈ ദ ഫാമിലി, ഫോര്‍ ദ ഫാമിലി എന്നതാണ് അവരുടെ മുദ്രാവാക്യം. കുടുംബ കേന്ദ്രീകൃതമായ ഈ സംവിധാനം രാജ്യത്തിന് ഗുണം ചെയ്യില്ല. സ്ഥിരതയുള്ള സര്‍ക്കാരിന് വേണ്ടിയാണ് 2014ല്‍ ജനങ്ങള്‍ വോട്ടുചെയ്തത്. 2019ല്‍ ജനങ്ങള്‍ക്ക് ആ വിശ്വാസം വീണ്ടും നിലനില്‍ത്തി. അടുത്ത വര്‍ഷം ഓഗസ്റ്റ് 15നും ചെങ്കോട്ടയില്‍ രാജ്യത്തിന്റെ നേട്ടങ്ങള്‍ ജനങ്ങളോട് പങ്കുവെക്കാന്‍ താന്‍ എത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
രണ്ടാം ലോകമഹായുദ്ധാനന്തരം സംഭവിച്ചതുപോലെ പുതിയ ഒരു ലോകക്രമം സൃഷ്ടിക്കപ്പെട്ടിരിക്കുകയാണ്. ഇന്ത്യ വികസ്വര രാജ്യങ്ങളുടെ സ്വരമായി മാറിക്കഴിഞ്ഞു. ഇന്ത്യയുടെ അഭിവൃദ്ധി ലോകത്തിന് പ്രതീക്ഷ നല്കുന്നു. ലോകത്തിന് ആയുഷിലൂടെയും യോഗയിലൂടെയും ആരോഗ്യം പകരാന്‍ നമുക്കായി. ഇന്ത്യ 100-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയില്‍ ഇന്ത്യ വികസിത രാജ്യമായി മാറിയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീ കേന്ദ്രീകൃത വികസന പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന് ഗുണം ചെയ്തു. രണ്ട് കോടി ലക്ഷപതികളായ സ്ത്രീകളെ സൃഷ്ടിക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. മുന്‍ കാലത്ത് സര്‍ക്കാര്‍ നല്കിയതിനേക്കാള് പ്രാധാന്യം ജനങ്ങള്‍ക്ക് പാര്‍പ്പിടം ഉറപ്പാക്കാനായി ഇപ്പോള്‍ നല്‍കുന്നുണ്ട്. മുദ്രാ യോജനയ്ക്കും സമൂഹത്തില്‍ വന്‍മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ സാധിച്ചു. രാജ്യത്തെ യുവജനങ്ങള്‍ക്ക് പരിധികളില്ലാത്ത സാദ്ധ്യതകള്‍ ഉറപ്പുവരുത്താന്‍ സാധിച്ചതായും പ്രധാനമന്ത്രി പറഞ്ഞു.
സ്വാതന്ത്ര്യ സമര പോരാളികള്‍ക്ക് ആദരം അര്‍പ്പിച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രി ചെങ്കോട്ട പ്രസംഗം ആരംഭിച്ചത്. 140 കോടി ജനങ്ങളുടെ കുടുംബമാണ് ഇന്ത്യയെന്നും ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം ഇന്ന് ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി മാറിയെന്നും അദ്ദേഹം പറഞ്ഞു. രാജ് ഗുരു, സുഖദേവ്, ഭഗത് സിംഗ് അടക്കമുള്ള ധീരദേശാഭിമാനികളാണ് ഭാരതത്തിന് സ്വാതന്ത്ര്യം ലഭിക്കാന്‍ കാരണമായതെന്നും അവരുടെ ബലിദാനങ്ങള്‍ വിസ്മരിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.