കര്‍ഷക വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രക്ഷോഭം ഇന്നുമുതല്‍ രാജ്യവ്യാപകമാകും. കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത പ്രതിഷേധ ധര്‍ണ രാജ്യത്തെ എല്ലാ ജില്ല കേന്ദ്രങ്ങളിലും അരങ്ങേറും. ഡല്‍ഹിയുടെ അതിര്‍ത്തികളില്‍ കര്‍ഷകര്‍ ഇന്ന് നിരാഹാര സമരം നടത്തുന്നുണ്ട്.
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ കഴിയില്ലെന്ന നിലപാടില്‍ സര്‍ക്കാര്‍ ഉറച്ചു നില്ക്കുന്നതോടെയാണ് കര്‍ഷകര്‍ ഇന്നുമുതല്‍ സമരം ശക്തമാക്കുന്നത്. സിംഗു, തിക്രി, ഗാസിപൂര്‍ അതിര്‍ത്തികളിലും കര്‍ഷകരുടെ ഉപവാസ സമരം അരങ്ങേറും. രാവിലെ എട്ട് മണി മുതല്‍ അഞ്ച് മണി വരെയാണ് ഉപവാസ സമരം. കര്‍ഷകര്‍ക്ക് പിന്തുണയുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും നിരാഹാര പ്രഖ്യാപിച്ചിട്ടുണ്ട്. സമരത്തിന് ഐക്യദാര്‍ഢ്യവുമായി നിരാഹാര സമരത്തില്‍ അണിചേരാന്‍ പാര്‍ട്ടി പ്രവര്‍ത്തകരോടും പൊതുജനങ്ങളോടും കെജ്രിവാള് ആഹ്വാനം ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം കിസാന്‍ സഭയുടെ നേതൃത്വത്തില്‍ കര്‍ഷകര്‍ ഡല്‍ഹി ജയ്പൂര്‍ ദേശീയ പാത ഉപരോധിച്ചിരുന്നു. രാജസ്ഥാന്, ഹരിയാന അതിര്‍ത്തിയായ ഷാജഹാന്‍പൂരില്‍ കര്‍ഷകര്‍ നടത്തിയ ഡല്‍ഹി ചലോ മാര്‍ച്ച് പൊലീസ് തടയുകയായിരുന്നു. ഡല്‍ഹി ജയ്പൂര്‍ ഹൈവേയിലെ സമരം തുടരും.


