ഹരേകല ഹജബ്ബ, ഒറ്റ വാക്കില്‍ പറഞ്ഞാല്‍ വെറുമൊരു ഓറഞ്ച് കച്ചവടക്കാരന്. എന്നാല്‍ ഇന്ന് അദേഹം എത്തിനില്‍ക്കുന്നത് പത്മ പുരസ്ക്കാര ജേതാവായാണ്. അറിയണം മാതൃകയാക്കാവുന്ന പത്മശ്രീ. ഹരേകല ഹജബ്ബയെന്ന മനുഷ്യന്റെ ജീവിതം.
ഹരേകല ഹജബ്ബയുടെ ജന്മനാടായ ഹരേക്കളയാണ്. ‘അക്ഷര ശാന്ത’ (അക്ഷര സന്യാസി) എന്നറിയപ്പെടുന്ന ഹരേകല ഹജബ്ബയ്ക്ക് സ്കൂളില്‍ നിന്നും ഔപചാരിക വിദ്യാഭ്യാസം നേടാന്‍ സാധിച്ചിരുന്നില്ല. തന്റെ ഗ്രാമത്തില്‍ സ്കൂള്‍ ഇല്ലാതിരുന്നതാണ് അതിനു കാരണം. തുടര്‍ന്ന് അദേഹം ഉപജീവനത്തിനായി ഓറഞ്ച് കച്ചവടക്കാരനായി മാറി.
ഒരു ഓറഞ്ച് വില്പ്പനക്കാരന് എങ്ങനെ പത്മ പുരസ്ക്കാരത്തിന് അര്‍ഹനായി എന്ന ചോദ്യം ചോദിക്കുന്നവര്‍ തിരിഞ്ഞു നോക്കേണ്ടതും അദേഹത്തിന്റെ ജന്മനാട്ടിലേക്കാണ്. വിദ്യാഭ്യാസം നേടാന്‍ സ്കൂള്‍ ഇല്ലാതിരുന്ന നാട്ടില്‍ തുശ്ചമായ വരുമാനത്തിന്റെ ഒരംശം കൊണ്ട് ജന്മനാട്ടില് സാധാരണക്കാരായ വിദ്യാര്‍ത്ഥികള്‍ക്കായി അദേഹം സ്കൂള്‍ തുറന്നു. ഇവിടെയാണ് ഹരേകലയുടെ ജീവിതം മറ്റുള്ളവര്‍ക്ക് മാതൃകയാകുന്ന ഭാഗത്തിന്റെ തുടര്‍ച്ച.
തുടര്‍ന്ന് സ്കൂളിന്റെ വളര്‍ച്ചയ്ക്ക് വേണ്ടി വര്‍ഷം തോറും സംഭാവന നല്കി വിദ്യാഭ്യാസ രംഗത്ത് തന്നെ ഒരു വിപ്ലവം സൃഷ്ടിച്ചു. ഇതെല്ലം അദ്ദേഹം ചെയ്തത് ഓറഞ്ച് വില്പനയിലൂടെയായിരുന്നു.
വരും തലമുറയ്ക്ക് തന്റെ ദുരവസ്ഥ ഉണ്ടാകരുത് എന്നതിനാലാണ് ഹരേകല ഹജബ്ബ ജന്മനാട്ടില് ഒരു സ്കൂള്‍ ആരംഭിച്ചതും അതിന്റെ വികസനത്തിന് വേണ്ടി ജീവിതം തന്നെ ഉഴിഞ്ഞു വെച്ചതും. വിദ്യാഭ്യാസ മേഖലയ്ക്ക് നല്കിയ സംഭവകള്‍ കണക്കിലെടുത്താണ് ഭാരതം ഹരേകല ഹജബ്ബയ്ക്ക് പത്മശ്രീ നല്കി ആദരിച്ചത്.


