അന്താരാഷ്ട്ര വനിതാദിനമായ ഇന്ന് കര്‍ഷകര്‍ മഹിള കര്‍ഷകദിനമായി ആചരിക്കും. ഡല്‍ഹി അതിര്‍ത്തിയിലെ സമരവേദികളുടെ നിയന്ത്രണം ഇന്ന് പൂര്‍ണമായും വനിതകള്‍ക്കായിരിക്കും. കര്‍ഷക പ്രക്ഷോഭം നടക്കുന്ന ഡല്‍ഹി അതിര്‍ത്തികളില്‍ മഹിള മഹാപഞ്ചായത്തുകള്‍ ചേരും. സിങ്കു, ടിക്രി, ഗാസിപ്പൂര്‍ എന്നിവിടങ്ങളില്‍ ആയിരക്കണക്കിന് സ്ത്രീകള്‍ സംഘടിക്കുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചു. ഡല്‍ഹി അതിര്‍ത്തികളിലും രാജ്യത്തെ മറ്റിടങ്ങളിലുമായി 40,000ത്തോളം വനിതകള്‍ പ്രതിഷേധത്തില്‍ പങ്കുചേരും. മഹിള കര്‍ഷകദിനത്തില്‍ പങ്കെടുക്കാനായി വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് സ്ത്രീകള്‍ ഡല്‍ഹിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
സിക്കുവില് രാവിലെ പത്ത് മണിക്കാണ് മഹിള മഹാപഞ്ചായത്ത് ആരംഭിക്കുക. കെഎഫ്സി ചൗകില്‍ നിന്ന് സിക്കു അതിര്‍ത്തിയിലേക്ക് വനിതകളുടെ മാര്‍ച്ചും നടക്കും. വനിതാ കര്‍ഷകര്‍, തൊഴിലാളികള്‍, പെണ്‍കുട്ടികള്‍ എന്നിവര്‍ക്കായി ഈ ദിവസം പൂര്‍ണ്ണമായും സമര്‍പ്പിക്കും. രാജ്യത്തെ കാര്‍ഷിക മേഖലയില്‍ സ്ത്രീകള്‍ക്ക് പ്രധാന പങ്കുണ്ടെന്ന് സംഘാടകര്‍ പറഞ്ഞു. അതിനാല്‍ ഈ പ്രത്യേക ദിനത്തില്‍ സ്റ്റേജ് മാനേജ്മെന്റ് വനിതാ കര്‍ഷകര്‍ക്ക് കൈമാറാന്‍ പദ്ധതിയിട്ടിരുന്നു.
വനിതാ ദിനം ആഘോഷിക്കുന്നതിനായി ദിവസം മുഴുവന്‍ വനിതാ പ്രഭാഷകര്‍ പ്രസംഗിക്കുമെന്ന് മുതിര്‍ന്ന കര്‍ഷക നേതാവും യുണൈറ്റഡ് കിസാന്‍ മോര്‍ച്ച അംഗവുമായ കവിത കുറുഗന്തി പറഞ്ഞു. കൂടാതെ സിങ്കു അതിര്‍ത്തിയില്‍ ഒരു ഹ്രസ്വ മാര്‍ച്ചും നടത്തുമെന്നും അവര്‍ അറിയിച്ചു.
കര്‍ഷകരുമായി ബന്ധപ്പെട്ട സമൂഹത്തില്‍ സ്ത്രീകള്‍ വലിയ പങ്കുവഹിക്കുന്നുണ്ടെങ്കിലും അവര്‍ക്ക് അര്‍ഹമായ പദവി നല്‍കുന്നില്ലെന്നും വാസ്തവത്തില്‍ അവര്‍ പുരുഷന്മാരേക്കാള് കൂടുതല്‍ പ്രവര്‍ത്തിക്കുന്നുവെന്നും കര്‍ഷക നേതാവ് കുല്‍വന്ത് സിംഗ് സന്ധു പറഞ്ഞു.
പന്ത്രണ്ടാം തിയതി മുതല്‍ ബിജെപിക്കെതിരെയുള്ള പ്രചരണത്തിന്റെ ഭാഗമായി കര്‍ഷക നേതാക്കള്‍ തെരഞ്ഞെടുപ്പ് സംസ്ഥാനങ്ങളില്‍ പര്യടനം നടത്തും. കേന്ദ്രത്തിന്റെ മൂന്ന് പുതിയ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മൂന്ന് മാസത്തിലേറെയായി കര്‍ഷകര്‍ പ്രക്ഷോഭം നടത്തുന്നുണ്ട്.


