ചെന്നൈ: തമിഴ്നാട്ടില്‍ കുടുംബവഴക്കിനെത്തുടര്‍ന്നു പ്രസിദ്ധ ന്യൂറോസര്ജന് ഡോ. എസ്.ഡി. സുബ്ബയ്യയെ കൊലപ്പെടുത്തിയ കേസില്‍ ഏഴു പ്രതികള്‍ക്കു വധശിക്ഷ. രണ്ടു പ്രതികളെ ഇരട്ട ജീവപര്യന്തം തടവിനും ശിക്ഷിച്ചു. കേസില്‍ ആകെ പത്തു പ്രതികളാണുണ്ടായിരുന്നത്. വധശിക്ഷ ലഭിച്ചവരില്‍ രണ്ട് അഭിഭാഷകരും ഉള്‍പ്പെടുന്നു. ഒരു പ്രതിയെ പ്രോസിക്യൂഷന് സാക്ഷിയായതിനെത്തുടര്ന്നു കുറ്റവിമുക്തനാക്കി.
2013 സെപ്റ്റംബര്‍ 14നായിരുന്നു ന്യൂറോ സര്ജന് ആയിരുന്ന സുബ്ബയ്യയുടെ കൊലപാതകം. ഭൂമിതര്‍ക്കത്തിന്റെ പേരില്‍ കുടുംബാംഗങ്ങള്‍ വാടകഗുണ്ടകളെ ഉപയോഗിച്ചു വീടിനു മുന്നിലിട്ട് ഇദ്ദേഹത്തെ ക്രൂരമായി ആക്രമിച്ചു. ഒന്‍പതു ദിവസത്തിനുശേഷം അദ്ദേഹം ആശുപത്രിയില്‍ ആണ് മരിച്ചത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ഡോ. ജയിംസ് സതീഷ് കുമാര്‍, ഗുണ്ടാസംഘാംഗങ്ങളായ മുരുകന്, ശെല്‍വപ്രകാശ്, അയ്യപ്പന്, അധ്യാപകനായ പൊന്നുസ്വാമി, ഇയാളുടെ ഭാര്യ മേരി പുഷ്പം, മക്കളായ പി. ബേസില്‍, പി. ബോറിസ്, യേശുരാജന് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിനു പിന്നാലെ ഒളിവില്‍പോയ പ്രധാന പ്രതിയും അഭിഭാഷകനുമായ ബി. വില്യംസ് അഞ്ചു വര്‍ഷത്തിനുശേഷം കോടതിയില്‍ കീഴടങ്ങി.
കന്യാകുമാരി ജില്ലയിലെ അഞ്ചുഗ്രാമത്തിലെ ഒരു ഭൂമിയുടെ പേരില്‍ സുബ്ബയ്യയും ഇയാളുടെ അകന്ന ബന്ധുവായ പൊന്നുസ്വാമിയും തമ്മില്‍ ഉടലെടുത്ത തര്‍ക്കമാണു കൊലപാതകത്തില്‍ കലാശിച്ചതെന്നു മാപ്പുസാക്ഷിയായ അയ്യപ്പന് പോലീസിനു നൽകിയ മൊഴി.


