കോഴിക്കോട്: കോഴിക്കോട്ട് ഇതരസംസ്ഥാന തൊഴിലാളിയെ തലയ്ക്കടിച്ചു കൊന്നു. ഉത്തര്‍പ്രദേശ് സ്വദേശി ജയ്സിംഗ് യാദവ്(21) എന്ന ഗോകുലിനെ ആണ് വെട്ടുകല്ലുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയത്. ഇന്നലെ രാത്രി വളയനാട്-മാങ്കാവ് റോഡിലെ കുഴിക്കണ്ടത്ത് പറമ്പിലാണ് സംഭവം. സംഭവത്തെ തുടര്‍ന്ന് ജയ്സിംഗ് യാദവിന്റെ ബന്ധു ഭരതിനെ മെഡിക്കല്‍ കോളജ് പോലീസ് കസ്റ്റഡിയിലെടുത്തു. മദ്യപിച്ചുണ്ടായ കലഹത്തെ തുടര്‍ന്നാണ് കൊലപാതകമെന്ന നിഗമനത്തിലാണ് പോലീസ്.
സംഭവത്തെ കുറിച്ച് പോലീസിന്റെ പ്രാഥമിക നിഗമനം ഇപ്രകാരമാണ്:⇓
പ്രിന്റിംഗ് പ്രസിലെ തൊഴിലാളിയാണ് ഭരത്. ഭരതിനെ കാണാനായി കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലെ തന്റെ സഹോദരനായ ജിതേന്ദ്രനും ഭരതിന്റെ ഭാര്യാ സഹോദരനായ ജയ്സിംഗ് യാദവും എത്തി. മൂവരും രാത്രിയില്‍ സംസാരിച്ചിരിക്കുകയും തുടര്‍ന്ന് മദ്യപിക്കുകയും ചെയ്തു. ബോധരഹിതരായപ്പോള്‍ മൂവരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഭരത് സമീപത്തുണ്ടായിരുന്ന വെട്ടുകല്ലെടുത്ത് ജയ്സിംഗ് യാദവിന്റെ തലക്കടിക്കുകയും കൊലപ്പെടുത്തുകയുമായിരുന്നു. രാത്രി ഏറെ വൈകിയും ഇവര്‍ പ്രദേശത്ത് നിന്ന് പോവാത്തത് ശ്രദ്ധയില്‍പെട്ട മറ്റു തൊഴിലാളികള്‍ സ്ഥലം ഉടമയെ വിവരം അറിയിച്ചു.
പിന്നീട് ഉടമ മെഡിക്കല്‍കോളജ് പോലീസില്‍ വിവരമറിയിക്കുകയും പോലീസ് സ്ഥലത്തെത്തുകയുമായിരുന്നു. പോലീസ് സ്ഥലത്തെത്തുമ്പോള്‍ മൂവരും മദ്യപിച്ചിരുന്നതിന്റെ തെളിവുകളും ലഭിച്ചിട്ടുണ്ട്. ഭരത് ഈ സമയവും അവിടെ തന്നെയുണ്ടായിരുന്നു. ഇതോടെ ഭരതിനെ പോലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം മരിച്ച ജയ്സിംഗ് യാദവിന്റെ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മോര്‍ച്ചറിയിലേക്ക് മാറ്റി.


