ജസ്റ്റിസ് അശോക് ഭൂഷൺ സുപ്രിം കോടതിയിൽ നിന്ന് ഇന്ന് വിരമിക്കും. കേസുകളിലെ മനുഷ്യത്വപരമായ ഇടപെടലുകളാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കിയത്. മഹാമാരി കാലത്ത് രാജ്യത്ത് കഷ്ടതകൾ അനുഭവിക്കുന്നവരെ തൻ്റെ വിധികളിലൂടെ അശോക് ഭൂഷൺ ചേർത്ത് പിടിച്ചു. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിട്ടും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
കൊവിഡ് ബാധിച്ച് മരിച്ചവർക്ക് ധനസഹായം നൽകണമെന്ന ഉത്തരവ് ഇറക്കിയും കൊവിഡ് മരണ സർട്ടിഫിക്കറ്റ് നൽകുന്നതിൽ സുപ്രധാന നിർദേശവും നൽകിയാണ് അശോക് ഭൂഷൺ പടിയിറങ്ങുന്നത്. ഈ വിധി ലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് ആണ് ആശ്വാസമായത്.
അതോടൊപ്പം തന്നെ ലോക്ക്ഡൗണിൽ കുടുങ്ങിയ അതിഥി തൊഴിലാളികൾക്ക് നാട്ടിലേക്കുള്ള യാത്രയ്ക്കും ഭക്ഷണത്തിനുമടക്കമുള്ള സുപ്രധാന ഉത്തരവുകൾ ഇറക്കുകയും ചെയ്തു. മൊറട്ടോറിയൽ കാലയളവിൽ കൂട്ടുപലിശയോ പിഴപലിശയോ ഈടാക്കരുതെന്ന് നിർദേശം നൽകി. അയോദ്ധ്യ തർക്ക ഭൂമിക്കേസ്, മറാത്ത സംവരണം, ദയാ വധം തുടങ്ങി നിരവധി ചരിത്രപരമായ വിധികളുടെ ഭാഗമാവുകയും ചെയ്തു. അതോടൊപ്പം തന്നെ ശബരിമല പുനഃപരിശോധന ഹർജിയുമായി ബന്ധപ്പെട്ട ഒൻപത് അംഗ വിശാല ബെഞ്ചിലും അശോക് ഭൂഷൺ അംഗമായിരുന്നു.


