ദില്ലി: ബംഗാളിലെ എസ്ഐആറിനെതിരായ ഹർജിയിൽ അഭിഭാഷകക്കുപ്പായം അണിഞ്ഞ് സുപ്രീംകോടതിയിൽ നേരിട്ടെത്തി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ അസാധാരണ നീക്കം. തനിക്ക് വാദിക്കാൻ പത്ത് മിനിറ്റ് സമയം വേണമെന്ന് മമത ആവശ്യപ്പെട്ടു. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ഡിവിഷൻ ബഞ്ച് മമതയുടെ ആവശ്യം അംഗീകരിച്ചു. പാർട്ടിക്ക് വേണ്ടിയല്ല ജനങ്ങൾക്ക് വേണ്ടിയാണ് താൻ വാദിക്കുന്നത് എന്നാണ് മമത പറഞ്ഞത്.
വോട്ടർമാരുടെ പ്രയാസങ്ങൾ അക്കമിട്ട് നിരത്തിയായിരുന്നു മമതയുടെ വാദം. 100 ലധികം പേർ എസ്ഐആറിനെതുടർന്ന് മരിച്ചെന്നും മമത കോടതിയില്‍ പറഞ്ഞു. വാദം പൂർത്തിയാക്കിയ ശേഷം കോടതിക്ക് മമത നന്ദി പറഞ്ഞു. ബംഗാളിൽ കമ്മീഷൻ ഉദ്യോഗസ്ഥരോട് ശത്രുതാമനോഭാവമാണ് എന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ എതിർവാദം. പച്ചക്കള്ളമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അഭിഭാഷകർ പറയുന്നതെന്ന് മമത തിരിച്ചടിച്ചു. ഹർജിയിൽ കമ്മീഷന് കോടതി നോട്ടീസയച്ചു. തിങ്കളാഴ്ച വിശദവാദം നടക്കും.


