ന്യൂഡെല്‍ഹി: 2014 ലെ പൊതുതെരഞ്ഞെടുപ്പിൽ വിജയിക്കാനായി ബി.ജെ.പി തന്നെ ഉപയോഗപ്പെടുത്തിയെന്ന വെളിപ്പെടുത്തലുമായി സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെ.”അതെ, 2014 ല്‍ ബി.ജെ.പി അധികാരത്തിലേറാന്‍ എന്നെ ഉപയോഗപ്പെടുത്തുകയായിരുന്നു. ലോക്പാലിന് വേണ്ടിയുള്ള എന്റെ സമരം വഴിയാണ് ബി.ജെ.പിയും ആം ആദ്മി പാർട്ടിയും അധികാരത്തിൽ വന്നതെന്ന് എല്ലാവർക്കും അറിയുന്ന കാര്യമാണ്. എന്നാലിപ്പോള്‍ അവരോടുള്ള എല്ലാ ബഹുമാനവും എനിക്ക് നഷ്ടപ്പെട്ടു-” റാലെഗൻ സിദ്ധിയിൽ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അണ്ണാ ഹസാരെ.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ ജനങ്ങളെ വഴിതെറ്റിക്കുകയാണെന്നും രാജ്യത്തെ ഏകാധിപത്യത്തിലേക്ക് തള്ളിവിടുകയാണെന്നും അണ്ണാ ഹസാരെ പറഞ്ഞു. മഹാരാഷ്ട്രയിലെ ബി.ജെ.പി. സർക്കാർ കഴിഞ്ഞ നാല് വർഷമായി ജനങ്ങളോട് കള്ളങ്ങൾ പറഞ്ഞുകൊണ്ടാണ് അധികാരത്തിലിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ”എത്ര നാളാണ് കള്ളമിങ്ങനെ തുടര്‍ന്നുകൊണ്ടിരിക്കുക? ജനങ്ങളുടെ പ്രതീക്ഷകളെല്ലാം സര്‍ക്കാര്‍ ഇല്ലാതാക്കി. എന്റെ ആവശ്യങ്ങളില്‍ 90 ശതമാനവും അംഗീകരിച്ചുവെന്ന സര്‍ക്കാരിന്റെ വാദം തന്നെ കള്ളമാണെന്നും 81 കാരനായ അണ്ണാ ഹസാരെ പറയുന്നു. തന്റെ സമരം ഉപയോഗപ്പെടുത്തി 2011ലും 2014ലും അധികാരം നേടിയവർ താൻ ഉന്നയിച്ച വിഷയങ്ങളെ കുറിച്ച് പിന്നീട് മിണ്ടിയിട്ടില്ലെന്നും കഴിഞ്ഞ അഞ്ച് വർഷമായി ഒരു മാറ്റവും കൊണ്ടുവരാൻ അവർ ശ്രമിച്ചില്ലെന്നും അണ്ണാ ഹസാരെ പറഞ്ഞു.

