കൊല്‍ക്കത്ത: കൊല്‍ക്കത്ത പൊലീസ് കമ്മിഷണര്‍ രാജീവ് കുമാറിനെ ചോദ്യം ചെയ്യാനെത്തിയ സി.ബി.ഐ സംഘത്തെ പൊലീസ് തടഞ്ഞതിന് പിന്നാലെ കേന്ദ്രസര്ക്കാരിനെതിരം ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി രംഗത്തെത്തി. കമ്മിഷണറെ ചോദ്യം ചെയ്യാനുള്ള സി.ബി.ഐ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് മമത ആരോപിച്ചു. ഭരണഘടനാ സ്ഥാപനങ്ങളെ അട്ടിമറിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രമിക്കുന്നതെന്ന് മമത കുറ്റപ്പെടുത്തി.
ബി.ജെ.പി ബംഗാലിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചാണ് ബി.ജെ.പിയുടെ നീക്കമെന്നും മമത ആരോപിച്ചു. കൊല്‍ക്കത്ത പൊലീസ് കമ്മിഷണര്‍ രാജീവ്കുമാറിനെ കാണാനെത്തിയ സി.ബി.ഐ ഉദ്യോഗസ്ഥരെയാണ് ബംഗാള്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. സി.ബി.ഐ ഉദ്യോഗസ്ഥരെ തടഞ്ഞതിന് പിന്നാലെ കമ്മിഷണറുടെ ഔദ്യോഗിക വസതിയിലെത്തിയ മമതാ ബാനര്‍ജി ഇവിടെ വച്ച് മന്ത്രിമാരുമായും മറ്റു തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളുമായും ചര്‍ച്ച നടത്തിയ ശേഷം കേന്ദ്രസര്‍ക്കാരിന്റെ ഭരണഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ സത്യാഗ്രഹസമരം ആരംഭിക്കുന്നതായി അറിയിച്ചു.

