ഭോപ്പാല്‍: ആദ്യരാത്രി വരനെയും പറ്റിച്ച് നവവധു ഒളിച്ചോടി. മദ്ധ്യപ്രദേശിലെ ഘോര്‍മിയിലാണ് സംഭവം നടന്നത്. വരന് സോനുജയിന് പരാതിയുമായി പൊലീസിനെ സമീപിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.
സോനു ജയിൻ പലയിടത്തും പോയി പെണ്ണുകണ്ടെങ്കിലും ഒന്നും നടന്നില്ല. നിരാശനായി ഇരിക്കുന്ന സമയത്താണ് ഇയാൾ ഗ്വാളിയോര്‍ സ്വദേശിയായ ഉദല്‍ ഖതിക് എന്നയാളെ പരിചയപ്പെടുന്നത്. തുടർന്ന് കല്യാണം നടത്താന്‍ താന്‍ സഹായിക്കാം എന്നയാള്‍ വാക്കുകൊടുക്കുകയും ചെയ്തു. എന്നാൽ ഇതിനായി പണച്ചെലവുണ്ടെന്ന് അറിയിച്ച അനുസരിച്ച് 90,000 രൂപ സോനു നൽകുകയും ചെയ്തു. പണം പെണ്‍വീട്ടുകാര്‍ക്ക് നല്‍കാനെന്നായിരുന്നു ഉദല്‍ പറഞ്ഞത്.
തുടർന്ന് ഇയാൾ പറഞ്ഞ വാക്ക് പാലിച്ചു. അനിത രത്നാകര്‍ എന്ന യുവതിയുമായുള്ള വിവാഹത്തിന് എല്ലാ ഏര്‍പ്പാടുകളും അയാള്‍ ചെയ്തു. പെണ്ണുകണ്ട് ഇഷ്ടപ്പെട്ട സോനു വിവാഹത്തിന് സമ്മതിക്കുകയും ബന്ധുക്കളുടെ സാന്നിദ്ധ്യത്തില്‍ കഴിഞ്ഞദിവസം വിവാഹം ഗംഭീരമായി നടത്തുകയും ചെയ്തു.
കല്യാണം കഴിഞ്ഞു നവവധുവുമായി സോനു വീട്ടിലെത്തിയപ്പോൾ നേരം ഒത്തിരി വൈകിയിരുന്നു. അതിനാല്‍ എല്ലാവരും പെട്ടെന്ന് ഉറങ്ങാനായി പോകുകയും ചെയ്തു. സോനുവും അനിതയും മണിയറയിലേക്കും. എന്നാല്‍ അല്പം കഴിഞ്ഞതോടെ തനിക്ക് നല്ല സുഖം തോന്നുന്നില്ലെന്നും കുറച്ച് കാറ്റുകൊണ്ടശേഷം വരാമെന്നും പറഞ്ഞ് അനിത ടെറസിലേക്ക് പോയി. സോവുവാകട്ടെ കുളിച്ച് സുന്ദരനായി വധുവിനെയും പ്രതീക്ഷിച്ച് കട്ടിലില്‍ ഇരിപ്പായി. സമയം ഏറെ കഴിഞ്ഞിട്ടും അനിതയെ കാണാതായതോടെ സോനുവും ടെറസിലേക്ക് പോയി. പക്ഷേ, അനിതയെ കണ്ടെത്താനായില്ല. നാണക്കേട് ഭയന്ന് ആദ്യം ബന്ധുക്കളോട് വിവരം പറഞ്ഞില്ല. വിവരമറിഞ്ഞ് ബന്ധുക്കളും തിരിച്ചില്‍ നടത്തിയെങ്കിലും യുവതിയെ കണ്ടെത്താനായില്ല.
തുടർന്നാണ് ഇയാൾ പൊലീസിനെ വിവരമറിയിച്ചത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ അനിതയെ കണ്ടെത്തി. ടെറസില്‍ നിന്ന് ചാടി വിവാഹവേഷത്തില്‍ റോഡിലൂടെ പോവുകയായിരുന്ന അനിതയെ നൈറ്റ് പട്രോളിംഗ് സംഘമാണ് പിടികൂടിയത്. അനിതയ്ക്കൊപ്പം മറ്റ് അഞ്ചുപേരെയും വഞ്ചനാ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിട്ടുണ്ടെന്നു പോലീസ് പറഞ്ഞു.


