സർക്കാർ ജീവനക്കാരനായ ഭർത്താവ് കൈക്കൂലി വാങ്ങിയാൽ ഭാര്യയും കൂട്ടുപ്രതിയാണെന്ന് മദ്രാസ് ഹൈകോടതി. ഭർത്താവിനെ കൈക്കൂലി വാങ്ങുന്നതിൽ നിന്ന് നിരുത്സാഹപ്പെടുത്തേണ്ടത് ഭാര്യയുടെ കടമയാണ്. കൈക്കൂലിയിൽ നിന്ന് വിട്ടുനിൽക്കുക എന്നതാണ് ജീവിതത്തിൻ്റെ അടിസ്ഥാന തത്വമെന്നും കോടതി വ്യക്തമാക്കി.
മുൻ സബ് ഇൻസ്പെക്ടറായിരുന്ന ശക്തിവേലിനെതിരെ 2017ലാണ് അഴിമതിക്കേസ് രജിസ്റ്റർ ചെയ്തത്. വിചാരണക്കിടെ ശക്തിവേൽ മരണപ്പെട്ടതോടെ ഭാര്യ ദേവനായകിയെ കൂട്ടുപ്രതിയാക്കി പൊലീസ് കുറ്റപത്രം സമർപ്പിച്ചു. ഈ വിധിക്കെതിരെയാണ് ദേവനായകി ഹൈക്കോടതിയെ സമീപിച്ചത്. അഴിമതിയുടെ തുടക്കം വീടുകളിൽ നിന്നാണെന്നും ഗൃഹനാഥമാർ അഴിമതിയിൽ പങ്കാളികളായാൽ വിഷയത്തിന് അന്ത്യമുണ്ടാകില്ലെന്നും കോടതി വ്യക്തമാക്കി.ഭർത്താവിനെ കുറ്റകൃത്യങ്ങളിൽ നിന്ന് പിന്തിരിപ്പിക്കേണ്ടത് ഭാര്യയുടെ കടമയാണെന്നായിരുന്നു അപ്പീലിനോട് കോടതിയുടെ പ്രതികരണം. കൈക്കൂലികളിൽ നിന്നും വിട്ടുനിൽക്കുക എന്നതാണ് ജീവിതത്തിന്റെ പ്രാഥമിക തത്വശാസ്ത്രം.’അനധികൃതമായി സമ്പാദിച്ച പണം ആസ്വദിച്ചാൽ അവർ അനുഭവിക്കണം. ഈ രാജ്യത്ത് അഴിമതി സങ്കൽപ്പിക്കാനാവാത്തവിധം വ്യാപിച്ചിരിക്കുന്നു. അഴിമതി ആരംഭിക്കുന്നത് വീട്ടിൽ നിന്നാണ്. ദേവനായകി ശിക്ഷ അനുഭവിക്കണം”, കോടതി പറഞ്ഞു.


