അമരാവതി: ആന്ധ്രാപ്രദേശിൽ തിക്കിലും തിരക്കിലുംപെട്ട് ഒൻപത് പേർ മരിച്ചു. ശ്രീകാകുളത്തുള്ള കാശിബുഗ്ഗ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിലാണ് സംഭവം. ഏകാദശിയോടനുബന്ധിച്ച് കാശിബുഗ്ഗയിലെ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിൽ ഭക്തരുടെ വൻ തിരക്കാണ് അനുഭവപ്പെട്ടത്.
ഏകാദശി ഉത്സവത്തില്‍ പങ്കെടുക്കാന്‍ പതിവിലും ഭക്തരെത്തിയതും തിരക്ക് കൃത്യമായി നിയന്ത്രിക്കാന്‍ സംവിധാനമൊരുക്കാത്തതും അപകടത്തിന് കാരണമായെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. 12 ഏക്കര്‍ വിസ്താരമുള്ള ഈ ക്ഷേത്രം ദക്ഷിണേന്ത്യയിലെ വളരെ പ്രസിദ്ധമായ തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നാണ്. സംസ്ഥാനത്തിന് പുറത്തുനിന്നും ആളുകള്‍ ക്ഷേത്ര ദര്‍ശനത്തിനെത്താറുണ്ട്.
ക്ഷേത്ര ദര്‍ശനത്തിനായി ഇന്ന് വളരെ നീണ്ടായ ക്യൂവാണ് ഉണ്ടായിരുന്നതെന്ന് ദൃക്സാക്ഷികള്‍ ദേശീയ മാധ്യമങ്ങളോട് പറഞ്ഞു. ക്യൂ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സ്ഥാപിച്ചിരുന്ന ഒരു റെയിലിംഗ് മറിഞ്ഞതോടെ ആളുകള്‍ ആ വശത്തേക്ക് തിക്കിതിരക്കുകയും ചിലര്‍ മറിഞ്ഞുവീഴുകയും അതിന് മുകളിലേക്ക് കൂടുതല്‍ പേര് വീഴുകയുമായിരുന്നുവെന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ചുകൊണ്ട് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പരുക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു.


