വയനാട്: തനിക്കെതിരായ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചന എന്ന് സി കെ ജാനു. ആദിവാസി സ്ത്രീ ആയതിനാലാണ് തന്നെ വേട്ടയാടുന്നത്. തെളിവുകള്‍ കൈയില്‍ വയ്ക്കാതെ കോടതിയില്‍ ഹാജരാക്കാന്‍ പ്രസീതയെ വെല്ലുവിളിക്കുന്നു. നിയമ നടപടികളില്‍ നിന്ന് ഒളിച്ചോടില്ലെന്നും അന്വേഷണത്തോട് പരിപൂര്‍ണ സഹകരണമുണ്ടാകുമെന്നും ജാനു പറഞ്ഞു.
കെ സുരേന്ദ്രനില്‍ നിന്ന് പണം വാങ്ങിയിട്ടില്ല എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു. പ്രസീത അഴീക്കോടിനെതിരായ അച്ചടക്ക നടപടി ജെ ആര് പി കമ്മറ്റി ചേര്‍ന്ന് തീരുമാനിക്കുമെന്നും സി കെ ജാനു വ്യക്തമാക്കി. തനിക്ക് പുതിയൊരു വീട് ഉണ്ടാക്കാന്‍ പറ്റില്ല, വണ്ടി വാങ്ങാന്‍ പറ്റില്ല, സാരി വാങ്ങാന്‍ പറ്റില്ല. പ്രാചീനയുഗത്തിലെ കാലഘട്ടമാണോ ഇപ്പോള്‍ നടക്കുന്നതെന്നും ഇത്തരം കാര്യങ്ങള്‍ ഒന്നും ആദിവാസിയായ സ്ത്രീയെന്ന നിലയില്‍ തനിക്ക് ഉപയോഗിച്ചുകൂടെയെന്നും ജാനു ചോദിച്ചു.
തനിക്ക് ജയില്‍ പുതിയ സംവിധാനമല്ലെന്നും ഒരു കാരണവശാലും കേസില്‍ നിന്നും താന്‍ പിന്നോട്ട് പോകില്ലെന്നും അവർ വ്യക്തമാക്കി. എല്ലാവിധ തെളിവെടുപ്പിനും കൂടെയുണ്ടാകും. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ തൂക്കിക്കൊല്ലാന്‍ വിധിച്ചാല്‍ അതിനും തയ്യാറായിട്ടാണ് നില്‍ക്കുന്നതെന്നും സി കെ ജാനു പറഞ്ഞു.