വയനാട്: മുത്തങ്ങയില്‍ എംഡിഎംഎയുമായി ദമ്പതികളടക്കം നാലു പേര് അറസ്റ്റില്‍. കോഴിക്കോട് നല്ലളം സ്വദേശികളായ ഫിറോസ് ഖാന് (31), പി കെ യൂസഫലി (26), ഭാര്യ ആയിഷ നിഹാല (22), കണ്ണൂര്‍ കക്കാട് സ്വദേശി പി നദീര്‍ (26) എന്നിവരാണ് പിടിയിലായത്. 156 ഗ്രാം എംഡിഎംഎയാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്.
ബെംഗളൂരുവില്‍ നിന്നും കൊണ്ടുവന്ന ലഹരിമരുന്ന് കോഴിക്കോട് എത്തിച്ച് വില്‍പ്പന നടത്തുകയായിരുന്നു പ്രതികളുടെ ലക്ഷ്യം. കാറില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്ന എംഡിഎംഎ പൊലീസ് നടത്തിയ പരിശോധനയില്‍ കണ്ടെത്തുകയായിരുന്നു. മയക്കുമരുന്ന് ചില്ലറ വില്‍പ്പനക്കായി ഉപയോഗിക്കുന്ന ത്രാസും കവറുകളും സംഘത്തില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. മയക്കുമരുന്ന് കടത്താന്‍ ഉപയോഗിച്ച കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ജില്ലാ പൊലീസ് മേധാവിയുടെ കീഴിലുള്ള ലഹരി വിരുദ്ധ സ്ക്വാഡും, ബത്തേരി എസ്ഐ സി എം സാബുവും സംഘവും നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്.


