തിരുവനന്തപുരം: സഹകരണവകുപ്പ് ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പ് ചുമതലയില്‍നിന്ന് ഒഴിവാക്കി കേന്ദ്ര ഇലക്ഷൻ കമ്മിഷൻ.140 മണ്ഡലങ്ങളിലെ റിട്ടേണിംഗ് ഓഫീസര്‍മാരുടെ പട്ടിക കമ്മീഷൻ പ്രസിദ്ധീകരിച്ചതോടെയാണ് സഹകരണവകുപ്പ് ഉദ്യോഗസ്ഥരെ മാറ്റിയ കാര്യം പുറത്തായത്.
നേരത്തേ സഹകരണവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ചുമതലയുണ്ടായിരുന്ന മണ്ഡലങ്ങളില്‍ ഇത്തവണ മറ്റ് വകുപ്പ് ഉദ്യോഗസ്ഥരെയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.സഹകരണവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് രാഷ്ട്രീയപക്ഷപാതിത്വം കൂടുതലാണെന്ന ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തിലാണ് ഈ മാറ്റമെന്നാണ് സൂചന.
പെരിന്തല്‍മണ്ണ മണ്ഡലത്തിലെ ബാലറ്റ് പേപ്പര്‍ അടങ്ങിയ പെട്ടി കാണാതായ സംഭവം, സഹകരണ ഉദ്യോഗസ്ഥര്‍ ചുമതലക്കാരായ തിരഞ്ഞെടുപ്പുകള്‍ സംബന്ധിച്ച് ഹൈക്കോടതി കമ്മീഷന്റെ റിപ്പോര്‍ട്ട് എന്നിവയെല്ലാം കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്ക് കാരണമായെന്നാണ് സൂചന.
പെരിന്തല്‍മണ്ണയിലെ തിരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് കേസ് വന്നപ്പോള്‍, അവിടത്തെ ബാലറ്റ് പേപ്പര്‍ അടങ്ങിയ പെട്ടി കാണാതായിരുന്നു. ഇത് പിന്നീട് സഹകരണസംഘം ജോയിന്റ് രജിസ്ട്രാറുടെ ഓഫീസില്‍ നിന്ന് കണ്ടെത്തുകയായിരുന്നു.
പത്തനംതിട്ടയിലെ ഒരു സഹകരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി നിയോഗിച്ച നിരീക്ഷകന്റെ റിപ്പോര്‍ട്ടിലെ പരാമര്‍ശവും അതീവ ഗൗരവമുള്ളതായിരുന്നു. 50 വര്‍ഷംമുമ്ബുള്ള അംഗത്വകാര്ഡുമായി 30 വയസ്സില്‍ താഴെയുള്ളവര്‍ വോട്ടുചെയ്യാനെത്തിയത് നിരീക്ഷകൻ നല്കിയ റിപ്പോര്‍ട്ടില്‍ വിവരിക്കുന്നുണ്ട്.
ഔദ്യോഗിക തിരിച്ചറിയല്‍ രേഖ പരിശോധിക്കണമെന്ന് നിരീക്ഷകൻ ആവശ്യപ്പെട്ടിട്ടും അതിന്റെ ആവശ്യമില്ലെന്ന നിലപാടാണ് റിട്ടേണിംഗ് ഓഫീസറായ സഹകരണവകുപ്പ് ഉദ്യോഗസ്ഥൻ സ്വീകരിച്ചതെന്നാണ് റിപ്പോര്‍ട്ടിലുണ്ടായിരുന്നത്.
ഉദ്യോഗസ്ഥരുടെ ലഭ്യതയും തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളെക്കുറിച്ചുള്ള അറിവും പരിചയവും ആണ് റിട്ടേണിംഗ് ഓഫീസറായി നിയമിക്കുന്നതിന് അടിസ്ഥാനമാക്കിയതെന്നാണ് കമ്മീഷൻ ഉദ്യോഗസ്ഥരുടെ വിശദീകരണം.
ഓരോ ജില്ലയിലും റിട്ടേണിംഗ് ഓഫീസര്‍മാരായി നിയമിക്കപ്പെടാവുന്നവരുടെ പട്ടിക കളക്ടര്‍മാരാണ് കമ്മീഷന് കൈമാറാറുള്ളത്. ഇതില്‍നിന്ന് ഓരോ ഉദ്യോഗസ്ഥനെയും സംബന്ധിച്ച് കമ്മിഷന്റെ പരിശോധനയുണ്ടാകും. ഇതിനുശേഷമാണ് റിട്ടേണിംഗ് ഓഫീസര്‍മാരെ നിയമിക്കുക.
ഒരു വകുപ്പിലെ ജീവനക്കാരെ തിരഞ്ഞെടുപ്പ് ചുമതലയില്‍നിന്ന് മാറ്റിനിര്‍ത്തുന്നത് ആദ്യമായാണ്.


