തിരുവനന്തപുരം: അടിമലത്തുറയില്‍ വളര്‍ത്തുനായയെ തല്ലിക്കൊന്ന സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തു. ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്പ്യാരുടെ കത്തിൻ്റെ അടിസ്ഥാനത്തില്‍ ആണ് ചീഫ് ജസ്റ്റിസ് കേസ് എടുക്കാന്‍ നിര്‍ദേശിച്ചത്. ഇന്നലെയാണ് വളർത്ത് നായയെ അടിച്ചുകൊന്നു കടലില്‍ എറിഞ്ഞത്. ക്രിസ്തുരാജ് എന്നയാളുടെ ലാബ്രഡോര്‍ ഇനത്തില്‍പ്പെട്ട ബ്രൂണോ എന്ന നായയാണ് മരിച്ചത്. നായയെ അടിച്ചു കൊല്ലുന്ന വിഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് ആണ് സംഭവം പുറംലോകം അറിയുന്നത്.
മൂന്ന് കുട്ടികള്‍ അടങ്ങിയ സംഘമായിരുന്നു ഇതിന് ദാരുണമായി അടിച്ചു കൊന്നത്. ചൂണ്ടയില്‍ കോര്‍ത്ത് വള്ളത്തില്‍ കെട്ടിയ ശേഷമാണ് ബ്രൂണോയെ അടിച്ചുകൊന്നത്. സംഭവത്തില്‍ ഉടമ പൊലീസില്‍ പരാതി നല്‍കിയിരുന്നു. വിഴിഞ്ഞം പൊലീസ് കേസെടുത്തു. സംഭവത്തില്‍ സുനില്‍, സില്‍വസ്റ്റര്‍, തുടങ്ങിയവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
സുനിലിൻ്റെ വള്ളത്തിന് അരികില്‍ ആണ് ബ്രൂണോ സ്ഥിരമായി കിടന്നിരുന്നത്. ഇതേതുടർന്ന് സുനില്‍ ഉടമകളുമായി വഴക്കുണ്ടാക്കിയിരുന്നു. തുടര്‍ന്ന് തിങ്കളാഴ്ച സ്രാവിനെ പിടിക്കുന്ന ചൂണ്ട ഉപയോഗിച്ച് നായയെ കൊളുത്തി വലിച്ചിഴച്ചു. നാട്ടുകാര്‍ അന്ന് രക്ഷിച്ചെങ്കിലും കഴിഞ്ഞ ദിവസം നായയെ ഇവര്‍ ഇതേരീതിയില്‍ കൊല്ലുകയായിരുന്നു.


