പത്തനംതിട്ട: ചെങ്ങറ ഭൂസംരക്ഷണ സമര സമിതി നേതാവ് ളാഹ ഗോപാലന് (72) കൊറോണ ബാധിച്ചു മരിച്ചു. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ആരോഗ്യ പ്രശ്നങ്ങള്‍ മൂലം ഏറെക്കാലമായി അദ്ദേഹം വിശ്രമത്തില്‍ ആയിരുന്നു. സാധുജന വിമോചന വേദി നേതാവും ദളിത് ബുദ്ധി ജീവിയുമായിരുന്നു.
ളാഹ ഗോപാലന്റെ നേതൃത്വത്തിലായിരുന്നു സാധുജന വിമോചന സംയുക്തവേദി ചെങ്ങറ ഭൂമസമരം ആരംഭിച്ചത്. അശരണരും ഭൂരഹിതരും കാലങ്ങളായി നടത്തിക്കൊണ്ടിരിക്കുന്ന ഭൂമിക്കു വേണ്ടിയുള്ള പോരാട്ടങ്ങള്‍ക്ക് ആവേശകരമായ മാനം നല്കിയ സമരമായിരുന്നു ചെങ്ങറയിലേത്. ദേശീയ തലത്തില്‍ തന്നെ സമരം ചര്‍ച്ച ചെയ്യപ്പെട്ടു. 2007 ഓഗസ്റ്റ് 4നാണ് ഈ സമരം ആരംഭിച്ചത്. എസ്റ്റേറ്റിന്റെ കുറുമ്പറ്റി ഡിവിഷനില്‍ 143 ഹെക്ടറോളം ഭൂമിയാണ് സമരക്കാര്‍ കയ്യേറി കുടില്‍ കെട്ടിയത്. കുടിയേറ്റക്കാര്‍ വലിയ തോതിലുള്ള ആക്രമങ്ങള്‍ക്കും ഉപരോധത്തിനും ഇരയാവുകയും ചെയ്തിരുന്നു. ആലപ്പുഴ സ്വദേശിയായ ളാഹ ഗോപാലന് മുന്‍ കെഎസ്ഇബി ജീവനക്കാരനാണ്.


