മലപ്പുറം: സംസ്ഥാന സര്‍ക്കാരിന്റെ നവകേരള സദസിലേക്ക് സ്കൂള്‍ വിദ്യാര്‍ഥികളെ എത്തിക്കണമെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശത്തില്‍ വിശദീകരണവുമായി തിരൂരങ്ങാടി ഡിഇഒ.വിദ്യാര്‍ഥികളെ നിര്‍ബന്ധമായും എത്തിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും പഠനത്തിന്റെ ഭാഗമായി കുട്ടികളെ പങ്കെടുപ്പിക്കണമെന്നാണ് ആവശ്യപ്പെട്ടതെന്നും ഡിഇഒ വിക്രമൻ പറഞ്ഞു.
സാമൂഹ്യ ശാസ്ത്ര ക്ലബ്ബുകളുടെ കീഴില്‍ കുട്ടികളെ കൊണ്ടുപോകാമെന്നും അതിന് സ്കൂള്‍ ബസ് ഉപയോഗിക്കാമെന്നായിരുന്നു നിര്‍ദേശമെന്നും ഡിഇഒ കൂട്ടിച്ചേര്‍ത്തു.കഴിഞ്ഞ ദിവസം തിരൂരങ്ങാടി ഡിഇഒ വിളിച്ച് ചേര്‍ത്ത യോഗത്തിലാണ് ഇതുസംബന്ധിച്ച് പ്രധാനധ്യാപകര്‍ക്ക് നിര്‍ദേശം നല്‍കിയത്. ഓരോ സ്കൂളില്‍ നിന്നും കുറഞ്ഞത് 200 കുട്ടികള്‍ എങ്കിലും വേണമെന്നും അച്ചടക്കമുള്ള കുട്ടികളെ മാത്രം കൊണ്ടുപോയാല്‍ മതിയെന്നുമാണ് നിര്‍ദേശം നല്‍കിയത്.
തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ താനൂര്‍, പരപ്പനങ്ങാടി, വേങ്ങര, തിരൂരങ്ങാടി എന്നീ നാല് ഉപജില്ലകളില്‍ നിന്നാണ് കുട്ടികളെ പങ്കെടുപ്പിക്കേണ്ടത്. താനൂര്‍ മണ്ഡലത്തിലെ സ്കൂളുകള്‍ 200 കുട്ടികളെ വീതവും തിരൂരങ്ങാടി, വേങ്ങര മണ്ഡലങ്ങളിലെ സ്കൂളുകള്‍ 100 കുട്ടികളെ വീതവും എത്തിക്കണമെന്നാണ് നിര്‍ദേശം. എന്നാല്‍, ഇതുസംബന്ധിച്ച് ഔദ്യോഗിക നിര്‍ദേശം പുറത്തിറക്കിയിട്ടില്ല.
യോഗത്തില്‍ പ്രധാനധ്യാപകര്‍ അതൃപ്തി അറിയിച്ചു. വിദ്യാര്‍ഥികളെ പുറത്ത് കൊണ്ടുപോകുന്നതിന് രക്ഷിതാക്കളുടെ സമ്മതപത്രം വേണമെന്നു ചൂണ്ടിക്കാണിച്ചപ്പോള്‍ അതെല്ലാം സ്കൂളുകള്‍ സ്വന്തംനിലയ്ക്ക് കൈകാര്യം ചെയ്യാനും നിര്‍ദേശിച്ചു.
നവകേരളയാത്രയ്ക്കായി സ്കൂള്‍ ബസുകള്‍ വിട്ട് നല്‍കാനുള്ള പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് ഹൈക്കോടതി ചൊവ്വാഴ്ച സ്റ്റേ ചെയ്തിരുന്നു. കോടതി അനുമതി ഇല്ലാതെ ബസ് വിട്ട് നല്‍കരുതെന്നാണ് ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടത്.