കുറ്റിപ്പുറം- ഇടപ്പള്ളി നാലുവരിപ്പാത സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ അവസാന ഘട്ടത്തിലെത്തുമ്പോള്‍ പരിസമാപ്തിയാകുന്നത് ജനങ്ങളുടെ നീണ്ട നാളത്തെ കാത്തിരിപ്പിനാണ്. ഏറ്റെടുത്ത ഭൂമിയുടെ ഉടമകള്‍ക്കുള്ള അവാര്‍ഡ് രേഖകളുടെ വിതരണം റവന്യൂ മന്ത്രി കെ രാജന് നിര്‍വഹിച്ചതോടെ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ആശങ്കകള്‍ക്കും അഭ്യൂഹങ്ങള്‍ക്കുമാണ് വിരാമമായത്. നിലവിലെ തീരുമാനപ്രകാരം സെപ്റ്റംബര്‍ 31നകം മുഴുവന്‍ ഭൂമിയും ഏറ്റെടുത്ത് ദേശീയപാത അതോറിറ്റിക്ക് കൈമാറും. ഭൂവുടമകള്‍ രേഖകള്‍ പൂര്‍ണമായും ഹാജരാക്കുന്ന പക്ഷം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നഷ്ടപരിഹാരത്തുക കൈമാറും.
ഭൂമി ഏറ്റെടുക്കുന്നതിനായി 2009ല്‍ പ്രവര്‍ത്തനം ആരംഭിച്ചുവെങ്കിലും 2018ലെ വിജ്ഞാപനം അനുസരിച്ചുള്ള നടപടിക്രമങ്ങളാണ് ഉടമകള്‍ക്ക് പണം കൈമാറുന്ന ഘട്ടംവരെ എത്തിയത്. ഈ കാലയളവില്‍ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി പ്രക്ഷോഭങ്ങളും കോടതി വ്യവഹാരങ്ങളും നേരിട്ടിരുന്നു. ഇവയെല്ലാം നേരിട്ടാണ് ലാന്റ് അക്വസിഷന്‍ വിഭാഗം നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതെന്ന് ഡെപ്യൂട്ടി കലക്ടര്‍ ഐ പാര്‍വ്വതി ദേവി പറഞ്ഞു.
ആദ്യഘട്ടത്തില്‍ സ്ഥലമേറ്റെടുക്കുന്നതിന് കേരളത്തില്‍ ഭൂമി ഏറ്റെടുക്കുന്നതിനുള്ള ഉയര്‍ന്ന ചെലവ് ദേശീയപാതാ വികസനത്തിന് തടസമായിരുന്നു. എന്നാല്‍ ചെലവിന്റെ 25 ശതമാനം സംസ്ഥാന സര്‍ക്കാരും ബാക്കി 75 ശതമാനം കേന്ദ്ര സര്‍ക്കാരും വഹിക്കാമെന്നു പരസ്പരം സമ്മതിച്ചതോടെ ഈ പ്രശ്നത്തിന് പരിഹാരമായി. നടപടികള്‍ വേഗത്തിലായി. കോടതിയുടെ പരിഗണനയിലിരുന്ന കേസുകള്‍ക്കും തീര്‍പ്പായതോടെ നടപടികള്‍ വേഗത്തിലായി. പിന്നീട് ജില്ലയില്‍ ഏറ്റെടുക്കുന്ന ഭൂമിയുടെ വില നിര്‍ണയം പൂര്‍ത്തിയാക്കി. നഷ്ടപരിഹാരത്തുകയുടെ ആദ്യഘട്ടമായി ദേശീയപാത തിരുവനന്തപുരം റീജണല്‍ ഓഫീസില്‍നിന്ന് അംഗീകാരവും ലഭിച്ചു. സ്പെഷ്യല്‍. ഡെപ്യൂട്ടി കലക്ടറുടെ കീഴില്‍ നാല് തഹസില്‍ദാര്‍മാരും 32 വില്ലേജ് ഓഫീസര്‍മാരും 70 സര്വ്വയര്മാരും ഉള്‍പ്പെടെയുള്ള നാല് യൂണിറ്റുകളായി തിരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു പോകുന്നത്.
ചാവക്കാട് കടിക്കാട് മുതല്‍ തളിക്കുളം വരെയും തളിക്കുളം മുതല്‍ കൊടുങ്ങല്ലൂര്‍ മേത്തല വരെയുമുള്ള 20 വില്ലേജുകള്‍ രണ്ടു ഭാഗങ്ങളായാണ് ഭൂമിയേറ്റെടുക്കുന്നത്. ചാവക്കാട് താലൂക്കിലെ എടക്കഴിയൂര്‍, ഒരുമനയൂര്‍, വാടാനപ്പള്ളി, എങ്ങണ്ടിയൂര്‍ വില്ലേജുകളിലെ 12 ഉടമകള്‍ക്കാണ് ആദ്യമായി നഷ്ടപരിഹാരത്തുകയുടെ രേഖകള്‍ വിതരണം ചെയ്തത്. കടിക്കാട് മുതല്‍ മേത്തല വലിയപണിക്കന്‍തുരുത്ത് വരെ 63.5 കിലോമീറ്റര്‍ നീളത്തില്‍ 205.467 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കുന്നത്. മൂന്നു തലങ്ങളിലായാണ് ഭൂമിയുടെ വില നിര്‍ണയം നടന്നത്. മരങ്ങളുടെ വിലനിര്‍ണയം വനംവകുപ്പും കാര്‍ഷികവിളകളുടെ വിലനിര്‍ണയം കൃഷിവകുപ്പും കെട്ടിടങ്ങളുടെയും മറ്റു നിര്‍മ്മിതികളുടെയും വിലനിര്‍ണയം പൊതുമരാമത്ത് വകുപ്പുമാണ് പൂര്‍ത്തിയാക്കിയത്.
ഇരുപത് വില്ലേജുകളില്‍ നിന്നായി ആറായിരത്തിലേറെപ്പേരുടെ ഭൂമിയാണ് ഏറ്റെടുക്കുന്നത്. എട്ട് വില്ലേജുകളിലെ ഏകദേശം 85 ഹെക്ടര്‍ ഭൂമിയുടെ നഷ്ടപരിഹാരത്തുകയായ 1,777 കോടി രൂപ വിതരണം ചെയ്യുന്നതിനുള്ള അനുമതിയാണ് നിലവില്‍ ദേശീയപാത അതോറിറ്റി നല്‍കിയിട്ടുള്ളത്. മുഴുവന്‍ ഭൂമിയും ഏറ്റെടുത്തു കഴിയുമ്പോള്‍ 5400 കോടി രൂപയാണ് നഷ്ടപരിഹാരത്തുകയായി നല്‍കേണ്ടി വരിക. സംസ്ഥാന സര്‍ക്കാരിന്റെ 2013-ലെ റിഹാബിലിറ്റേഷന്‍ ആക്ട് അനുസരിച്ചാണ് ഏറ്റെടുക്കുന്ന ഭൂമിയുടെ നഷ്ടപരിഹാരത്തുക നിര്‍ണയിച്ചിരിക്കുന്നത്.