കോഴിക്കോട് : കോഴിക്കോട് നിന്നും കാണാതായ സ്ത്രീയെ കൊലപ്പെടുത്തിയെന്ന് സുഹൃത്തിൻ്റെ മൊഴി.സ്ത്രീയെ കൊലപ്പെടുത്തി കൊക്കയില്‍ തള്ളിയെന്നാണ് സുഹൃത്ത് പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. കോഴിക്കോട് സ്വദേശിയും വീട്ടമ്മയുമായ സൈനബയാണ് കൊല്ലപ്പെട്ടത്. സൈനബയുടെ സുഹൃത്തായ സമദ് എന്നയാളും സഹായി സുലൈമാനും ചേര്‍ന്നാണ് കൊല നടത്തിയതെന്ന് വ്യക്തമാക്കി. കസബ പൊലീസിന് മുന്നിലാണ് സമദ് മൊഴി നൽകിയിരിക്കുന്നത്. സമദിൻ്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കൊല്ലപ്പെട്ട യുവതിയുടെ മൃതദേഹം കണ്ടെത്താന്‍ പൊലീസ് നാടുകാണി ചുരത്തിലേക്ക് തിരിച്ചിരിക്കുകയാണ്.
നവംബർ ഏഴാം തീയതിയാണ് സൈനബയെ കാണാതായത്. ഭാര്യയെ കാണാനില്ലെന്ന് കാട്ടി ഭർത്താവ് പൊലീസിൽ പരാതി നൽകുകയായിരുന്നു. ഭർത്താവിൻറെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം വ്യാപിപ്പിച്ചിരുന്നു. അന്വേഷണം നടക്കുന്നതിനിടയിലാണ് സൈനബ കൊല്ലപ്പെട്ടു എന്ന വെളിപ്പെടുത്തലുമായി സമദ് രംഗത്തെത്തിയത്. യാത്ര പോകാനെന്ന വ്യാജേനെ സൈനബയെ കോഴിക്കോട്ടേക്ക് വിളിച്ചുവരുത്തി സൈനബയെ കൊലപ്പെടുത്തി എന്നാണ് സമദ് വ്യക്തമാക്കിയത്.


