അഞ്ചു പേര്‍ക്ക് തെരുവു നായയുടെ കടിയേറ്റു. കോഴിക്കോട് കുറ്റ്യാടി മൊകേരിയില്‍ മൂന്ന് കുട്ടികള്‍ ഉള്‍പ്പടെ അഞ്ചു പേര്‍ക്കാണ് കടിയേറ്റത്.
അതേസമയം, കേരളത്തിലെ തെരുവുനായ ആക്രമണങ്ങള്‍ തടയാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഈ മാസം 26ന് സുപ്രിംകോടതി പരിഗണിക്കും. സുപ്രിംകോടതി ചീഫ് ജസ്റ്റിസ് യു.യു.ലളിത് അധ്യക്ഷനായ ബെഞ്ചാണ് നിലവിലെ സാഹചര്യം കണക്കിലെടുത്ത് കേസ് അടിയന്തരമായി പരിഗണിക്കാന്‍ തീരുമാനിച്ചത്. സുപ്രീംകോടതിയുടെ പരിഗണനയില്‍ നേരത്തെയുള്ള കേസില്‍ കേരളത്തിലെ നിലവിലത്തെ സാഹര്യം ഹര്ജിക്കാരന് അറിയിക്കുകയായിരുന്നു.
ഓഗസ്റ്റില്‍ മാത്രം കേരളത്തില്‍ 8 പേര് തെരുവുനായ്ക്കളുടെ കടിയേറ്റ് മരിച്ചതായി ഹര്‍ജിക്കാരനായ സാബു സ്റ്റീഫന്റെ അഭിഭാഷകന് വി.കെ.ബിജു സുപ്രിംകോടതിയെ അറിയിച്ചു.
അതേസമയം സംസ്ഥാനത്ത് തെരുവ് നായ ആക്രമണത്തിന് ഇരയായവരില്‍ ഇതുവരെ നഷ്ടപരിഹാരത്തുക അനുവദിച്ചത് 749 പേര്‍ക്ക് മാത്രം.132 പേരുടെ നഷ്ടപരിഹാരം സര്‍ക്കാരിന്റെ ചുവപ്പ് നാടയില്‍ കുരുങ്ങി കിടക്കുന്നു. തെരുവ് നായ ആക്രമണം ഏല്ക്കുന്നവര് ആശ്രയിക്കുന്ന സിരിജഗന് സമിതിക്ക് മുന്നിലെത്തിയത് 5036 അപേക്ഷകളാണ്.


