കൊല്ലം: തെന്മലയില് വിനോദസഞ്ചാരത്തിന് ബൈക്കില്‍ പോകുകയായിരുന്ന എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികൾ വണ്ടിയിടിച്ചു മരിച്ചു. ബൈക്കും അമിതവേഗത്തിലെത്തിയ കാറും കൂട്ടിയിടിച്ച് ആണ് ബൈക്ക് യാത്രികരായ വിദ്യാര്‍ത്ഥികള്‍ മരിച്ചത്. തിരുവനന്തപുരത്തെ എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥികളായ കുണ്ടറ കേരളപുരം മണ്ഡപം ജംഗ്ഷനില്‍ ‘വസന്തനിലയ’ത്തില്‍ വിജയൻ്റെ മകൻ ബി.എന്‍ ഗോവിന്ദ്(20), കാസര്‍കോട് കാഞ്ഞങ്ങാട് ചൈതന്യയില്‍ അജയകുമാറിൻ്റെ മകള്‍ ചൈതന്യ(20) എന്നിവരാണ് മരിച്ചത്.
അഞ്ച് ബൈക്കുകളിലായി കോളേജ് വിദ്യാര്‍ത്ഥികള്‍ തെന്മലയിലേക്ക് പോകുമ്പോള്‍ അമിതവേഗത്തിലെത്തിയ കാറുമായി ബുളളറ്റ് കൂട്ടിയിടിക്കുകയായിരുന്നു. ഗോവിന്ദ് സംഭവസ്ഥലത്തും ചൈതന്യ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലും വച്ചാണ് മരിച്ചത്. പത്തനാപുരം സ്വദേശിയുടെ ഉടമസ്ഥതയിലുളളതാണ് കാര്‍. ഇതിലെ യാത്രികര്‍ക്കും പരിക്കേറ്റിട്ടുണ്ട്. കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും കുന്നിക്കോട് പൊലീസ് അറിയിച്ചു.


