മൂവാറ്റുപുഴ: ഇടുക്കി മണ്ഡലത്തിലാകെ ഇടതു തരംഗം ആഞ്ഞുവീശുകയാണെന്ന് എന്‍സിപി ദേശീയ ജനറല്‍ സെക്രട്ടറി ടി.പി. പീതാംബരന് മാസ്റ്റര്‍ പറഞ്ഞു. മൂവാറ്റുപുഴ ആയവന പുന്നമറ്റത്ത് എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി അഡ്വ. ജോയ്സ് ജോര്‍ജിന്റെ മൂവാറ്റുപുഴ മണ്ഡലത്തിലെ പ്രചരണ പരിപാടികളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഇടതുപക്ഷ എംപി ഉണ്ടായതിന്റെ പ്രയോജനം നാട്ടിലെ ജനങ്ങള്‍ക്കാകെ അനുഭവവേദ്യമായിക്കഴിഞ്ഞു. മുഴുവന്‍ സമയം മണ്ഡലത്തില്‍ നിറഞ്ഞു നില്‍ക്കുകയും വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു. ഏറ്റവും മികച്ച പാര്‍ലമെന്ററി പ്രവര്‍ത്തനമാണ് ജോയ്സ് ജോര്‍ജില്‍ നിന്നും ഉണ്ടായിട്ടുള്ളത്. കേന്ദ്രത്തില്‍ ഒരു മതേതര സര്‍ക്കാര്‍ അധികാരത്തില്‍ വരേണ്ടതുണ്ട്. കോണ്‍ഗ്രസുകാരെ ഇക്കാര്യത്തില്‍ വിശ്വസിക്കാന്‍ കഴിയില്ല. ഇന്ന് കോണ്‍ഗ്രസ് ആയരിക്കുന്നവര് നാളെ ബിജെപിയായി മാറുകയാണ്. ഇടതുപക്ഷ ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ട ജോയ്സ് ജോര്‍ജ് കഴിഞ്ഞ അഞ്ച് വര്‍ഷവും ജനങ്ങളോടുള്ള കൂറും വിശ്വസ്തതയും പൂര്‍ണ്ണമായി തെളിയിച്ചു. അതുകൊണ്ട് തന്നെ മതേതര ഗവണ്മെന്റ് ഉണ്ടാക്കാന്‍ ഉറപ്പും വിശ്വസ്തതയുമുള്ള ജനപ്രതിനിധി ജോയ്സ് ജോര്ജായിരിക്കുമെന്ന് തിരിച്ചറിവ് ഇടുക്കിയിലെ ജനങ്ങള്‍ക്കുണ്ട്.
ജനങ്ങള്‍ ഇടതുപക്ഷത്തിനനുകൂലമായി തീരുമാനമെടുത്തു കഴിഞ്ഞതായും പീതാംബരന് മാസ്റ്റര്‍ പറഞ്ഞു. യോഗത്തില്‍ സിപിഐ മണ്ഡലം കമ്മറ്റി അംഗം ജോളി ജോര്‍ജ് അധ്യക്ഷത വഹിച്ചു. എല്‍ഡിഎഫ് ഇലക്ഷന് കമ്മറ്റി ഭാരവാഹികളായ ഗോപി കോട്ടമുറിക്കല്‍, കെ.കെ. ശിവരാമന്, എല്‍ദോ എബ്രാഹം എംഎല്‍എ, മുന്‍എം.എല്‍.എ ബാബു പോള്‍, ജോസ് വള്ളമറ്റം, അഡ്വ. ഷൈസന്‍ പി.മാങ്ങഴ,, പി.ആര്. മുരളീധരന്, പി.എം. ഇസ്മയില്‍, എന്‍. അരുണ്‍, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ഉഷ ശശിധരന് എന്നിവര്‍ സംസാരിച്ചു.