ഇടുക്കി: സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയ മറിയക്കുട്ടിക്കെതിരേ വീണ്ടും സിപിഎം. കേരളത്തിന്റെ രാഷ്ട്രീയ അധഃപതനത്തിന്റെ പ്രതീകമായി മറിയക്കുട്ടി മാറിയെന്ന് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി.
വര്‍ഗീസ് പറഞ്ഞു. സിപിഎം ഒഴിച്ച് ഏതു പാര്‍ട്ടി വിളിച്ചാലും പോകുമെന്ന പ്രസ്താവന അതിന് തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
“ഇപ്പോള്‍ ടൈംടേബിളാണ്. രാവിലെ ബിജെപി, ഉച്ചകഴിഞ്ഞ് കോണ്‍ഗ്രസ്. ഇന്നലെ അവര്‍ തൃശൂരില്‍ പറഞ്ഞത് സിപിഎം ഒഴിച്ച് ഏതു രാഷ്ട്രീയപാര്‍ട്ടി വിളിച്ചാലും താൻ പോകുമെന്നാണ്. കേരളത്തിന്റെ രാഷ്ട്രീയ അധഃപതനത്തിന്റെ ഒരു പ്രതീകമായി ഇന്ന് മറിയക്കുട്ടി മാറിയിട്ടുണ്ട്.
അവര്‍ അവരുടെ വഴിക്ക് പോകട്ടെ. ഞങ്ങള്‍ക്ക് ഇക്കാര്യം നേരിടാൻ നല്ല ഇച്ഛാശക്തിയുണ്ട്. അവരെപ്പോലെ ഒരാളെ എന്തിനാണ് ഭയപ്പെടുന്നത്. സിപിഎമ്മിനെ ആര് കേസുകൊടുത്ത് പേടിപ്പിക്കാനാണ്. അതിനെ നിയമപരമായും രാഷ്ട്രീയപരമായും നേരിടും. മറിയക്കുട്ടി ഞങ്ങളുടെ ചിത്രത്തിലേ ഇല്ല, അതിനെക്കുറിച്ച് ചിന്തിക്കുന്നുപോലുമില്ലെന്നും സി.വി. വര്‍ഗീസ് കൂട്ടിച്ചേര്‍ത്തു.
മറിയക്കുട്ടി വിഷയം ഡീൻ കുര്യാക്കോസ് ഉണ്ടാക്കിയ തിരക്കഥയാണെന്നും സി.വി. വര്‍ഗീസ് ആരോപിച്ചു. അദ്ദേഹമെന്തിനാണ് സമരം പദ്ധതിയിടാൻ പോയത്. എംപിയെന്ന നിലയില്‍ ഒന്നും ചെയ്യാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. അതുകൊണ്ട് ഇപ്പോള്‍ മറിയക്കുട്ടിയെ ഒരു ആയുധമാക്കാൻ ശ്രമിക്കുകയാണെന്നും സി.വി. വര്‍ഗീസ് കൂട്ടിച്ചേര്‍ത്തു.