ഇടുക്കി: എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി അഡ്വ. ജോയ്സ് ജോര്‍ജ് ഇടുക്കി പാര്‍ലമെന്റ് മണ്ഡലത്തിലെ ഒന്നാംഘട്ട പര്യടനം പൂര്‍ത്തിയാക്കി. അരലക്ഷം വോട്ടിന് കഴിഞ്ഞതവണയുണ്ടായ വിജയത്തേക്കാള്‍ മികച്ച വിജയം നേടുമെന്ന നിശ്ചയദാര്‍ഢ്യത്തോടെയാണ് ജോയ്സ് ജോര്‍ജും എല്‍ഡിഎഫ് പ്രവര്‍ത്തകരും മുന്നോട്ട് നീങ്ങിയത്. ഏഴ് അസംബ്ലി നിയോജക മണ്ഡലങ്ങളും സന്ദര്‍ശിച്ച് വോട്ടര്‍മാരെ നേരില്‍ കണ്ടാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഒന്നാംഘട്ട പര്യടനം പൂര്‍ത്തിയാക്കുന്നത്. ഉടുമ്പന്‍ചോലയില്‍ നിന്നാരംഭിച്ച് തൊടുപുഴ, കോതമംഗലം, മൂവാറ്റുപുഴ, ഇടുക്കി, ദേവികുളം, പീരുമേട് മണ്ഡലങ്ങളിലാണ് സന്ദര്‍ശനം നടത്തിയത്.
ഇതിനിടയില്‍ കട്ടപ്പനയില്‍ പാര്‍ലമെന്റ് മണ്ഡലം കണ്‍വെന്‍ഷനിലും കോതമംഗലം, തൊടുപുഴ, ഇടുക്കി, ദേവികുളം, പീരുമേട് അസംബ്ലി മണ്ഡലം കണ്‍വെന്‍ഷനുകളിലും പങ്കെടുത്തു. നാല് മണ്ഡലങ്ങളില്‍ നടന്ന വനിത പാര്‍ലമെന്റിലും സ്ഥാനാര്‍ത്ഥി എത്തി. കടകമ്പോളങ്ങള്‍, വ്യാപാര സ്ഥാപനങ്ങള്‍, സ്വകാര്യ സ്ഥാപനങ്ങള്‍, സ്കൂള്‍- കോളജുകള്‍, ആശുപത്രികള്‍, ആരാധനാലയങ്ങള്‍, ഓട്ടോ- ടാക്സി തൊഴിലാളികള്‍, ചുമട്ടു തൊഴിലാളികള്‍ എന്നിവരെയാണ് ഒന്നാംഘട്ടത്തില്‍ നേരില്‍ കണ്ടത്.
രണ്ടാഘട്ട പര്യടനത്തിന് തിങ്കളാഴ്ച മൂവാറ്റുപുഴയില്‍ തുടക്കം
അഡ്വ. ജോയ്സ് ജോര്‍ജിന്റെ രണ്ടാംഘട്ട പര്യടനം തിങ്കളാഴ്ച രാവിലെ മൂവാറ്റുപുഴയില്‍ നിന്ന് ആരംഭിക്കും. കല്ലൂര്‍ക്കാട്, മഞ്ഞള്ളൂര്‍, ആവോലി, ആരക്കുഴ, പാലക്കുഴ, മാറാടി, വാളകം, പായിപ്ര, ആയവന പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റിയിലും വോട്ടര്‍മാരെ നേരില്‍ക്കാണും. വൈകിട്ട് 4 ന് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നിന്നും നൂറുകണക്കിന് പ്രവര്‍ത്തകരുടെ അകമ്പടിയോടെ ടൗണ്‍ പര്യടനത്തിന് തുടക്കമാകും. തുടര്‍ന്ന് മൂവാറ്റുപുഴ ടൗണ്‍ഹാളില്‍ നടക്കുന്ന അസംബ്ലി നിയോജക മണ്ഡലം കണ്‍വന്‍ഷനിലും സ്ഥാനാര്‍ത്ഥി പങ്കെടുക്കും.
4750 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളും പാര്‍ലമെന്റില്‍ നടത്തിയ മികച്ച പ്രകടനവും സാമൂഹിക വിഷയങ്ങളിലെ ഇടപെടലുകളും മണ്ഡലത്തിലെ സാന്നിദ്ധ്യവും ജനങ്ങളുമായി ചര്‍ച്ച ചെയ്താണ് സ്ഥാനാര്‍ത്ഥി മുന്നോട്ട് നീങ്ങുന്നത്. ജനങ്ങളുടെ വിശ്വാസം കാത്തു സൂക്ഷിക്കാന്‍ കഴിഞ്ഞതിലൂടെ പൊതു ജീവിതത്തില്‍ കൂടുതല്‍ പിന്തുണയാര്‍ജ്ജിക്കാന്‍ കഴിഞ്ഞു എന്ന ആത്മവിശ്വാസമാണ് സ്ഥാനാര്‍ത്ഥിക്കും പ്രവര്‍ത്തകര്‍ക്കും ഉള്ളത്. രാജ്യത്ത് ഇടതുപക്ഷം ശക്തിപ്പെടേണ്ടതിന്റെ ആവശ്യകതയും മതേതര രാജ്യം നിലനില്‍ക്കുന്നതിനുവേണ്ടി വിധ്വംസക ശക്തികളെ എതിര്‍ക്കാന്‍ കഴിയുന്നത് ഇടതുപക്ഷത്തിന് മാത്രമാണെന്നും വോട്ടര്‍മാരുമായി ചര്‍ച്ച ചെയ്താണ് പ്രയാണം തുടരുന്നത്. എല്‍ഡിഎഫ് പ്രവര്‍ത്തകരില്‍ മണ്ഡലത്തില്‍ ഉടനീളം നിലനില്‍ക്കുന്ന അതിരുകളില്ലാത്ത ആവേശം ഭൂരിപക്ഷം ഉയര്‍ത്തുന്നതിന് സഹായകരമാകുമെന്ന വിശ്വാസത്തിലാണ് ജോയ്സ് ജോര്‍ജ്.
ഞായറാഴ്ച രാവിലെ മൂന്നാറില്‍ സിപിഐയുടെ മുതിര്‍ന്ന നേതാവ് സി.എ. കുര്യനെ സന്ദര്‍ശിച്ചതിന് ശേഷമാണ് പര്യടനത്തിന് തുടക്കം കുറിച്ചത്. രാവിലെ ബൈസണ്‍വാലി, വെള്ളത്തൂവല്‍ പഞ്ചായത്തുകളില്‍ പര്യടനം നടത്തിയശേഷം അടിമാലിയില്‍ നടന്ന വനിതാ പാര്‍ലമെന്റിലും അസംബ്ലി മണ്ഡലം കണ്‍വന്‍ഷനിലും പങ്കെടുത്തു. വൈകിട്ട് അഞ്ചിന് കുമളിയില്‍ പീരുമേട് അസംബ്ലി മണ്ഡലം കണ്‍വന്‍ഷനിലും പങ്കെടുത്തശേഷം കുമളി ടൗണില്‍ വോട്ട് അഭ്യര്‍ത്ഥിച്ചു.