പെരുമ്പാവൂര്‍: മറുനാടന്‍ തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പുകളിലും വീടുകളിലും എക്സൈസിന്റെ റെയ്ഡ്. ആലുവയില്‍ പെണ്‍കുട്ടി കൊല്ലപ്പെട്ട സാഹചര്യത്തില്‍ എറണാകുളം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ നിര്‍ദേശ പ്രകാരമാണ് മിന്നല്‍ റെയ്ഡ്. പെരുമ്പാവൂരിലും ആലുവയിലുമാണിപ്പോള് റെയ്ഡ് നടക്കുന്നത്.
ജില്ലയിലെ വിവിധ സര്‍ക്കിളുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ റെയ്ഡില്‍ പങ്കെടുക്കുന്നുണ്ട്. വിവിധ സംഘങ്ങളായി കുന്നത്തുനാട് സര്‍ക്കിള്‍ കേന്ദ്രീകരിച്ചാണ് പ്രധാനമായും പരിശോധന നടത്തുന്നത്. രാവിലെ മുതല്‍ നടത്തി വരുന്ന റെയ്ഡില്‍ നിരോധിത പുകയില ഉത്പന്നങ്ങളും ലഹരി വസ്തുക്കളും കണ്ടെടുത്തതായി എക്സൈസ് അധികൃതര്‍ അറിയിച്ചു.
പെരുമ്പാവൂര്‍ നഗരത്തിലെ ലോഡ്ജുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, ബിവറേജസ് ഔട്ട്ലെറ്റ് പരിസരം, ഇതരസംസ്ഥാന തൊഴിലാളികള്‍ ധാരാളമായുളള അല്ലപ്ര, കുറ്റിപ്പാടം, മാവിന്‍ചുവട് പ്രദേശങ്ങളില്‍ ഇന്നലെ പോലീസ് പരിശോധന നടത്തിയിരുന്നു. ഇതരസംസ്ഥാന തൊഴിലാളികള്‍ കൂട്ടംചേരുന്നത് പോലീസ് വിലക്കിയിട്ടുണ്ട്.
ഞായറാഴ്ചകളില്‍ നഗരത്തില്‍ ഇതര സംസ്ഥാനക്കാരുടെ തിരക്ക് വര്‍ധിക്കുന്നതിനാല്‍ ഇവര്‍ക്കുവേണ്ടിയുളള താത്കാലിക വ്യാപാരങ്ങളും വ്യാപകമാണ്. ഇവിടങ്ങളിലെല്ലാം പോലീസ് നിരീക്ഷണമുണ്ടായിരുന്നു.


