കൊച്ചി: കര്‍ഷകരില്‍ നിന്ന് സംഭരിച്ച നെല്ലിന്റെ വിലയില്‍ കുടിശ്ശികയുള്ള തുക ഒരുമാസത്തിനകം നല്‍കണമെന്ന് സപ്ലൈകോയോട് ഹൈക്കോടതി.ബാങ്കിലെത്തി രശീതി ഒപ്പിട്ടുനല്‍കിയാല്‍ പണം കര്‍ഷകരുടെ അക്കൗണ്ടിലേക്ക് ലഭിക്കുമെന്നാണെങ്കില്‍ ഇക്കാര്യം ഹര്‍ജിക്കാരോട് ആവശ്യപ്പെടാൻ സപ്ലൈകോയ്ക്ക് സ്വാതന്ത്ര്യമുണ്ട്. ഇതിന് തയ്യാറല്ലെന്ന് കര്‍ഷകര്‍ പറഞ്ഞാല്‍ അവര്‍ക്കും ഒരുമാസത്തിനുള്ളില്‍ സപ്ലൈകോ പണം നല്‍കണമെന്ന് കോടതി വ്യക്തമാക്കി.
നെല്ല് സംഭരിച്ച വകയില്‍ കിട്ടാനുള്ള തുകയ്ക്കുവേണ്ടി പാലക്കാട് കൊല്ലങ്കോട് സ്വദേശി ശിവാനന്ദൻ ഉള്‍പ്പെടെയുള്ളവര്‍ നല്കിയ ഹര്‍ജികളിലാണ് ഉത്തരവ്. 50,000 രൂപവരെയുള്ള തുക ഉടൻ നല്‍കുമെന്നും അതില്‍ക്കൂടുതലുള്ള തുകയാണെങ്കില്‍ 28 ശതമാനം നേരിട്ടും ബാക്കിതുക ബാങ്കുകള്‍ മുഖേന നല്‍കുമെന്നുമാണ് സപ്ലൈകോ അറിയിച്ചത്.ഏപ്രില്‍, മേയ് മാസങ്ങളിലാണ് നെല്ല് സംഭരിച്ചത്. മുഴുവൻ തുക ഇതുവരെ നല്‍കിയിട്ടില്ല.
ഇതിനായി ബാങ്കിനെ സമീപിച്ച് വായ്പാ അപേക്ഷയും സെക്യൂരിറ്റി രേഖകളും ഒപ്പിട്ടുനല്കാൻ സപ്ലൈകോ ആവശ്യപ്പെടുന്നതായി ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. വിഷയം ഒക്ടോബര്‍ 31-ന് വീണ്ടും
ഹൈക്കോടതി പരിഗണിക്കും. ഈ വിഷയത്തില്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കി അന്ന് റിപ്പോര്‍ട്ട് നല്‍കാനും സപ്ലൈകോയോട് കോടതി ആവശ്യപ്പെട്ടു.


