കോതമംഗലത്ത് കിണറ്റില്‍ വീണ ആന കുട്ടിയെ വന പാലകര്‍ രക്ഷപ്പെടുത്തി. പൂയംകൂട്ടി വനത്തില്‍ നിന്ന് ഇറങ്ങിയ കാട്ടാന കൂട്ടത്തില്‍ നിന്നും കഴിഞ്ഞ ദിവസം രാത്രി 2 മണിയോടെയാണ് മണികണ്ഠന് ചാല് തിണ്ണ കുത്ത് ഭാഗത്ത് കുട്ടി കൊമ്പന് കിണറ്റില്‍ വീണത്. ഏകദേശം ഒരു വയസു പ്രായമായ ആനകുട്ടിയാണ് കിണറ്റില്‍ വീണത്.
ഇതോടെ രാത്രി ആന കൂട്ടങ്ങളുടെ അലര്‍ച്ചകേട്ട് സമീപവാസികള്‍ ചെന്ന് നോക്കിയപ്പോള്‍ കിണറിനു ചുറ്റും ആനകള്‍ നില്ക്കുന്നതു കണ്ടു. തുടര്‍ന്ന് ആന കുട്ടി കിണറ്റില്‍ വീണ വിവരം നാട്ടുകാര്‍ രാത്രി തന്നെ കുട്ടംമ്പുഴ ഫോറസ്റ്റ് റേഞ്ചിലെ ആനക്കുളം സ്റേറഷനില്‍ അറിയിക്കുകയായിരുന്നു.
വിവരമറിഞ്ഞെത്തിയ ആനക്കുളം ഡപ്യൂട്ടി റേഞ്ച് ഓഫീസര്‍ വിജേഷ് ആശാരിയുടെ നേതൃത്വത്തിലുള്ള വനപാലക സംഘം കിണറിന്റെ ഭാഗത്തു നിന്നും ആന കൂട്ടം മാറുന്നത് നോക്കി നിന്ന് പുലര്‍ച്ചയോടെ കിണര്‍ ഇടിച്ചു നിരത്തി ആന കുട്ടിയെ രക്ഷപ്പെടുത്തി വിടുകയായിരുന്നു. കിണറിന്റെ താഴ്ച കുറവുകൊണ്ട് രക്ഷാപ്രവര്‍ത്തനം എളുപ്പമായതെന്നും വനപാലകര്‍ പറഞ്ഞു.


