കൊച്ചി: പ്രളയത്തില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ച ചേന്ദമംഗലം കൈത്തറിയുടെ പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ നടന്നുവരികയാണെന്നും ഡിസംബര്‍ 15ഓടെ മുഴുവന്‍ യൂണിറ്റുകളും പ്രവര്‍ത്തനക്ഷമമാകുമെന്നും ജില്ലാ കളക്ടര്‍ കെ മുഹമ്മദ് വൈ സഫീറുള്ള പറഞ്ഞു. പ്രളയത്തില്‍ കേടുപാടു സംഭവിച്ച ചര്‍ക്കകളും ഖാദിയൂണിറ്റുകളും ഡിസംബര്‍ 15ഓടെ തന്നെ പ്രവര്‍ത്തനക്ഷമമാക്കും. ചേന്ദമംഗലം കൈത്തറി, ഖാദി മേഖലയുടെ പുനരുദ്ധാരണപ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടത്തിനായി സര്‍ക്കാര്‍ രൂപീകരിച്ച മോണിറ്ററിംഗ് കമ്മിറ്റിയുടെ ഗസ്റ്റ്ഹൗസില്‍ നടന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വി ഡി സതീശന് എംഎല്‍എ യോഗത്തില്‍ പങ്കെടുത്തു.
ജില്ലയില്‍ 13 പ്രാഥമിക കൈത്തറി സഹകരണസംഘങ്ങളും അപക്സ് സംഘമായി ചേന്ദമംഗലം യാണ്ബാങ്ക് എന്ന സംഘവും പ്രവര്‍ത്തിക്കുന്നു. ആഗസ്റ്റിലെ പ്രളയം മൂലം 2.48 കോടി രൂപയുടെ നഷ്ടമാണ് കൈത്തറി മേഖലയ്ക്കുണ്ടായത്. ഏഴ് സംഘങ്ങളിലെ 255 തറികള്‍ക്ക് നാശനഷ്ടം ഉണ്ടായിട്ടുണ്ട്. ഇവയില്‍ 143 എണ്ണം പ്രവര്‍ത്തനക്ഷമമാക്കി. ബാക്കിയുള്ള തറികളുടെ അറ്റകുറ്റപ്പണികള്‍ക്കു വേണ്ട സഹായധനം വിവിധ സ്ഥാപനങ്ങള്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. ചേന്ദമംഗലം 47 യൂണിറ്റില്‍ 99 തറികള്ക്കാണ് കേടുപാട് സംഭവിച്ചത്. ഇവയില്‍ 38 എണ്ണം നന്നാക്കി. നവംബര്‍ 20ഓടെ സംഘം പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാക്കുമെന്ന് പ്രതിനിധി യോഗത്തില്‍ പറഞ്ഞു. പുതുതായി 8 തറികള്‍ കൂടുതല്‍ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. കരിമ്പാടം 191, പറവൂര്‍ 3428, പറവൂര്‍ ടൗണ്‍1, കുര്യപ്പിള്ളി 3476, ചെറായി 648, പള്ളിപ്പുറം കുഴുപ്പിള്ളി 128 എന്നീ സംഘങ്ങളിലാണ് പ്രളയാനന്തരം കൂടുതല്‍ നാശനഷ്ടങ്ങളുണ്ടായത്. പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ ഇവിടങ്ങളിലെല്ലാം വേഗത്തില്‍ നടന്നുവരുന്നു. ഇവയെല്ലാം ഡിസംബര്‍ 15ഓടെ പ്രവര്‍ത്തനക്ഷമമാവും. വിവിധ സ്ഥാപനങ്ങളുടെയും സന്നദ്ധസംഘടനകളുടെയും സഹായത്തോടെയാണ് പ്രളയത്തിലകപ്പെട്ട തറികള്‍ പ്രവര്‍ത്തനക്ഷമമാക്കിയത്.
ജില്ലയിലെ എല്ലാ കൈത്തറി സംഘങ്ങള്‍ക്കും പ്രയോജനപ്പെടുന്ന വിധത്തില്‍ ചേന്ദമംഗലത്ത് കോമണ്‍ ഫെസിലിറ്റി സെന്റര്‍ നിര്‍മിക്കുന്നതിനുള്ള പ്രാരംഭനടപടികളും ആരംഭിച്ചു. കൊച്ചിന് ഷിപ് യാര്‍ഡ്, പെട്രോനെറ്റ്, ബിപിസിഎല്‍ എന്നിവയുടെ സിഎസ്ആര്‍ ഫണ്ടുപയോഗിച്ച് കോമണ്‍ ഫെസിലിറ്റി സെന്ററില്‍ യാണ്ബാങ്ക്, ഡൈംയിങ് യൂണിറ്റ്, ്രൈഡയിംഗ് ബ്ളോക്ക് എന്നിവ നിര്‍മിക്കും. ഇവയിലെ സൗകര്യങ്ങള്‍ ജില്ലയിലെ എല്ലാ കൈത്തറി സംഘങ്ങള്‍ക്കും ഉപയോഗിക്കാം.
യാണ് ബാങ്കിലേക്കും അതിനോടനുബന്ധിച്ചുള്ള കൈത്തറി ഗ്രാമത്തിലേക്കുമുള്ള റോഡ് നിര്‍മാണത്തെക്കുറിച്ച് യോഗം ചര്‍ച്ച ചെയ്തു. റോഡ് നിര്‍മാണത്തിനായി സ്ഥലം വിട്ടു നല്കാന് തയ്യാറുള്ളവരുമായി ചര്‍ച്ച ചെയ്യാനും സമ്മതപത്രം വാങ്ങാനും എംഎല്‍എ വി ഡി സതീശന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി. പ്രളയ ശേഷം ദുരിതമനുഭവിക്കുന്ന കൈത്തറി സംഘങ്ങളിലെ തൊഴിലാളികള്‍ക്ക് ധനസഹായം നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് കരിമ്പാടം സൊസൈറ്റി പ്രസിഡണ്ട് പറഞ്ഞു. ഇക്കാര്യം ഉന്നതതലത്തില്‍ സര്‍ക്കാരിനു മുമ്പില്‍ അവതരിപ്പിക്കുമെന്ന് എംഎല്‍എ വി ഡി സതീശന് പറഞ്ഞു.
ഖാദി വസ്ത്ര നിര്‍മാണ മേഖലയിലും പ്രളയം മൂലമുണ്ടായ നാശനഷ്ടം നികത്താനാവശ്യമായ നടപടികളെടുക്കുന്നുണ്ടെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. നന്ത്യാട്ട്കുന്നം ഗാന്ധി സ്മാരക ഗ്രാമ സേവ കേന്ദ്രത്തില്‍ 161 ചര്‍ക്കകള്‍ക്കും 54 തറികള്‍ക്കും കേടുപാടു സംഭവിച്ചു. ഖാദി വില്ലേജ് ഇന്‍ഡസ്ട്രീസ് ഫെഡറേഷന്റെ കീഴിലുള്ള യൂണിറ്റുകളിലെ 28 ചര്‍ക്കകള്‍ക്കും ഖാദി വില്ലേജ് ഇന്‍ഡസ്ട്രീസ് ബോര്‍ഡിനു കീഴില്‍ പ്രവര്‍ത്തിക്കുന്നവയില്‍ 48 തറികള്‍ക്കും കേടുപാടുണ്ട്. ചര്‍ക്കകളുടെ പുനരുദ്ധാരണത്തിനായി കൊച്ചിന് ഷിപ് യാര്‍ഡ് പോലുള്ള സ്ഥാപനങ്ങള്‍ സഹായഹസ്തവുമായി മുന്നോട്ടു വന്നിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.
ഇന്‍ഷൂറന്‍സ് കമ്പനികള്‍ കൈത്തറി, ഖാദി യൂണിറ്റുകള്‍ക്ക് പണം തരാന്‍ മടിക്കുന്നുണ്ടെന്ന കാര്യവും യോഗത്തില്‍ പങ്കെടുത്തവര്‍ ഉന്നയിച്ചു. ഇന്‍ഷൂറന്‍സ് കമ്പനികളുടെ ഒരു യോഗം ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയില്‍ വിളിച്ചു ചേര്‍ത്ത് പരിഹാരം തേടാനും തീരുമാനമായി. യോഗത്തില്‍ സബ്കളക്ടര്‍ സബ്കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ്, ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ ബിജു പി എബ്രഹാം, കൈത്തറി ഖാദി സംഘങ്ങളുടെ പ്രതിനിധികള്‍, സന്നദ്ധ സംഘടനാ പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


