കൊച്ചി: പ്രമേഹരോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വലതു കാല്പത്തി നീക്കം ചെയ്തു. കാലിലുണ്ടായ അണുബാധ കുറയാത്ത സാഹചര്യത്തിലാണ് കാല്പത്തി മുറിച്ചുമാറ്റിയത്. കൊച്ചി അമൃത ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ.
ആരോഗ്യ പ്രശ്നങ്ങള്‍ മൂലം കാനം രാജേന്ദ്രന് സി.പി.ഐ. സംസ്ഥാനസെക്രട്ടറിസ്ഥാനം ഒഴിഞ്ഞേക്കുമെന്ന് സൂചനകളു ണ്ടായിരുന്നു. കഴിഞ്ഞ കുറച്ചുനാളുകളായി അദ്ദേഹം ചികിത്സയിലും വിശ്രമത്തിലുമായിരുന്നു.
കാനം സംസ്ഥാനസെക്രട്ടറിയായി മൂന്നാംതവണയും തിരഞ്ഞെടുക്ക പ്പെടുന്നത്.പാര്‍ട്ടി രീതിയനുസരിച്ച് രണ്ടുവര്‍ഷംകൂടി കാനത്തിന് സെക്രട്ടറിസ്ഥാനത്ത് തുടരാം.എന്നാല്‍, പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ സംസ്ഥാന സെക്രട്ടറിയെന്ന നിലയില്‍ തിരക്കിട്ട പ്രവര്‍ത്തനങ്ങള്‍ വേണ്ടിവരും. കുറച്ചുനാളായി പൊതുപരിപാടികളില്‍നിന്നെല്ലാം വിട്ടുനില്‍ക്കുന്ന കാനത്തിന് അതു വലിയ ബുദ്ധിമുട്ടാകുമെന്ന വസ്തുതകൂടി കണക്കിലെടുത്താണ് സ്ഥാനമാറ്റം സംബന്ധിച്ച ആലോചന നടക്കുന്നത്.
പൊതുപരിപാടികളില്‍ ഇല്ലെങ്കിലും ഭരണകാര്യങ്ങളില്‍ മന്ത്രിമാര്‍ വിവരം ധരിപ്പിക്കുന്നതും അവര്‍ക്കുള്ള നിര്‍ദേശങ്ങള്‍ നല്‍കുന്നതും കാനംതന്നെ.
ദേശീയ സെക്രട്ടേറിയറ്റ് അംഗമായ ബിനോയ് വിശ്വമാണ് പകരം പരിഗണിക്കപ്പെടുന്നവരില്‍ മുന്‍നിരയിലുള്ളത്. അടുത്തവര്‍ഷം അദ്ദേഹത്തിന്റെ രാജ്യസഭാ അംഗത്വ കാലാവധി അവസാനിക്കും. ദേശീയനേതൃത്വത്തിന്റെ ഭാഗമായി പ്രവര്‍ത്തിച്ചുവരുന്ന അദ്ദേഹം നിലവില്‍ സംസ്ഥാനത്ത് സജീവമാണ്. മുന്‍ അസിസ്റ്റന്റ് സെക്രട്ടറി കെ. പ്രകാശ് ബാബുവിന്റെ പേരും പരിഗണിക്കപ്പെടുന്നുണ്ടെന്നാണ് സൂചന.


