കൊച്ചി: ട്വന്റി-ട്വന്റി ചീഫ് കോ-ഓർഡിനേറ്റർ സാബു എം. ജേക്കബ് അധിക്ഷേപിച്ചതായുള്ള കുന്നത്തുനാട് എംഎല്‍എ പി.വി.
ശ്രീനിജന്റെ പരാതിയില്‍ പോലീസ് കേസെടുത്തേക്കും. പട്ടികജാതി പീഡന നിരോധന നിയമപ്രകാരം കേസെടുക്കണമെന്നുള്ളതാണ് എംഎല്‍എയുടെ ആവശ്യം.
ഞായറാഴ്ച കോലഞ്ചേരിയില്‍ സംഘടിപ്പിച്ച ട്വന്റി-ട്വന്റി മഹാസമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തില്‍ സാബു എം. ജേക്കബ് തന്നെ വൃത്തികെട്ട ജന്തു എന്ന് പരാമർശിച്ചതായാണ് പരാതി. ശ്രീനിജിനു പുറമേ നാലു പ്രാദേശിക പാർട്ടിപ്രവർത്തകരും സാബുവിനെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ട് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
അതേസമയം, എംഎല്‍എയെ പേരെടുത്ത് പറയാത്ത സാഹചര്യത്തില്‍ എന്താണ് തുടർനടപടി സ്വീകരിക്കുക എന്ന കാര്യത്തില്‍ പോലീസ് ആശയക്കുഴപ്പത്തിലാണ്. അതിനാല്‍ നിയമോപദേശം തേടിയ ശേഷം നടപടി സ്വീകരിക്കാനാണ് പോലീസിന്റെ തീരുമാനം.